Tuesday, July 12, 2011

സുന്ദര ഭൂമി


വെളുത്ത ഗോത്രത്തിന്റെ മേലാളനായ അങ്ങ് പറയുന്നത് വാഷിങ്ടണിന്റെ വലിയ മൂപ്പന്‍ എന്റെ ഗോത്രത്തോട് സൗഹൃദത്തിന്റെയും സൗമനസ്യത്തിന്റെയും ആശംസകള്‍ അറിയിക്കുന്നുവെന്നാണ്. തീര്‍ച്ചയായും അത് എന്റെ ജനതയോട് നിങ്ങള്‍ കാട്ടുന്ന ഉദാരത തന്നെയാണ്. കാരണം ഞങ്ങളുടെ സൗഹൃദത്തിന്റെ വീണ്ടെടുപ്പുകൊണ്ട് അദ്ദേഹത്തിന് മഹത്തായ പ്രയോജനങ്ങളൊന്നുമില്ലെന്ന് ഞങ്ങള്‍ക്കറിയാം.

നിങ്ങളുടെ ജനത നിരവധിയാണ്. പ്രയറിയുടെ വിശാലതയെ ആവരണം ചെയ്യുന്ന പുല്‍ക്കൂട്ടങ്ങളെപ്പോലെയാണ് നിങ്ങള്‍. ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം. സമതലങ്ങളിലെ, കൊടുങ്കാറ്റിലുലയുന്ന ഏകാകികളായ വൃക്ഷങ്ങളെപ്പോലെയാണവര്‍.


മഹാനായ (ആ വാക്കുതന്നെ ഞാന്‍ ഉച്ഛരിക്കട്ടെ) വെളുത്ത ഗോത്രത്തിന്റെ മേലാളന്‍ ഞങ്ങളോട് പറയുന്നത് എന്റെ ഗോത്രസ്മൃതികള്‍ പേറുന്ന ഈ മണ്ണ് അദ്ദേഹത്തിന് വിലക്കെടുക്കണമെന്നാണ്. എന്റെ ജനതയുടെ ജീവിതം അലട്ടപ്പെടാതെ തുടരും വിധം ഞങ്ങള്‍ക്കായി മണ്ണ് മാറ്റിവക്കാമെന്നും അദ്ദേഹം പറയുന്നു. തീര്‍ച്ചയായും ഇത് എന്റെ ജനതയോട് കാട്ടുന്ന മഹത്തായ നീതി തന്നെയായി പരിഗണിക്കപ്പെടും. കാരണം ആദരിക്കപ്പെടേണ്ടതായ യാതൊന്നും ഇന്നീ ചുവന്ന മനുഷ്യരുടെ ഗോത്രത്തിന് അവശേഷിക്കുന്നില്ലല്ലോ. വെളുത്ത മേലാളന്റെ വാക്കുകള്‍ ധിഷണാപൂര്‍വ്വകവുമാണ്. കാരണം മഹത്തായ ഒരു രാഷ്ട്രസങ്കല്‍പത്തിന്റെ അനിവാര്യത എന്റെ ചുവന്ന ഗോത്രത്തിന് ഇനി ആവിശ്യമില്ലെന്നും വന്നിരിക്കുന്നു.

കാറ്റിലുലയുന്ന കടലലകള്‍, കടല്‍ച്ചിപ്പികള്‍ ചിന്നിയ അതിന്റെ അടിത്തട്ടിനെ പുതപ്പിക്കും പോലെ എന്റെ ജനത ഈ മണ്ണിനെ പുതപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം എന്നോ കടന്നുപോയി. എന്റെ ഗോത്രത്തിന്റെ വിശുദ്ധികള്‍ ഇന്ന് വിസ്മരിക്കപ്പെട്ടപോലെയായി. എന്റെ ജനതയുടെ അകാലമായ അന്ത്യങ്ങളില്‍ ഞാന്‍ കണ്ണീരൊഴുക്കുന്നില്ല. ഞങ്ങളുടെ ഗോത്രഭ്രംശങ്ങള്‍ക്ക് തീവ്ര വേഗം പകര്‍ന്ന എന്റെ വെളുത്ത സഹോദരങ്ങള്‍ക്കെതിരെ ഞാന്‍ കുറ്റം വിധിക്കുന്നുമില്ല. കുറ്റങ്ങളില്‍ നിന്ന് എന്റെ ജനതയും വിമുക്തരല്ല.

എന്റെ ഗോത്രദേവതയും, മഹിമ നിറഞ്ഞ ആ പരമാത്മാവും എന്റെ ജനതയെ ഉപേക്ഷിച്ചുവെന്നുതന്നെ തോന്നുന്നു. നിങ്ങളുടെ ദൈവം നിങ്ങളുടെ ജനതയെ നിരന്തരം കരുത്തരാക്കുന്നു. വൈകാതെ വെളുത്ത ഗോത്രം ഈ മണ്ണിന്റെ വിശാലതയില്‍ നിറഞ്ഞുപരക്കും. പക്ഷേ എന്റെ ജനത തീവ്രവേഗമാര്‍ന്നൊരു വേലിയിറക്കത്തില്‍ അപ്രത്യക്ഷരാകും. നാലുദിക്കുകളിലേക്കും അഭയത്തിനായി വിലപിക്കുന്ന അനാഥരെപ്പോലെയാണ് എന്റെ ജനത. അപ്പോള്‍പിന്നെ, വെളുത്ത മനുഷ്യരും ചുവന്ന മനുഷ്യരും എങ്ങിനെയാണ് സഹോദരരാവുക? എങ്ങിനെയാണ് നിങ്ങളുടെ ദൈവത്തിന് ഞങ്ങളുടെ ദൈവമാകാനാവുക? ഞങ്ങളില്‍ സ്വന്തംഗോത്രത്തിന്റെ ഗതകാലവിശുദ്ധികളുടെ സ്വപ്‌നങ്ങളുണര്‍ത്താന്‍ നിങ്ങളുടെ ദൈവത്തിന് എങ്ങിനെയാകും?
നമുക്ക് പൊതുവായ ഒരു ദൈവമുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും പക്ഷം പിടിക്കുന്നവനാണ്. തന്റെ വെളുത്ത കുഞ്ഞുങ്ങള്‍ക്ക് മാത്രമായാണ് അദ്ദേഹം വന്നിരിക്കുന്നത്.എന്റെ ജനത ഒരിക്കലും അവനെ കണ്ടിട്ടില്ല. ആ ശബ്ദം ചുവന്ന ഗോത്രത്തിന്റെ കാതുകളെ സ്പര്‍ശിച്ചിട്ടില്ല. നിങ്ങളുടെ ദൈവം നിങ്ങള്‍ക്ക് നിയമസംഹിതകള്‍ തന്നു. പക്ഷേ, വിശാലമായ ഈ മണ്ണില്‍ ഒരിക്കല്‍ നക്ഷത്രങ്ങളെപ്പോലെ നിറഞ്ഞുതിളങ്ങിയിരുന്ന ചുവന്ന കുഞ്ഞുങ്ങളോട് അദ്ദേഹം കനിവിന്റെ ഒരക്ഷരവും ഉരിയാടിയില്ല. അല്ല. നിങ്ങളും ഞങ്ങളും ഒരിക്കലും സഹോദരരല്ല. തീര്‍ച്ചയായും വ്യതിരിക്തങ്ങളായ ഗോത്രങ്ങള്‍തന്നെയാണ് നാം. വ്യത്യസ്തങ്ങളായ ഉരുവങ്ങളും വ്യത്യസ്ത ജീവിത വിധികളും പേറുന്ന തികച്ചും വിഭിന്നമായ രണ്ട് ഗോത്രങ്ങള്‍. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പൊതുവായി യാതൊന്നുമില്ല.
സ്വന്തം പൂര്‍വ്വികരുടെ ചിതാഭസ്മം ചിതറിവീണ, അവര്‍ അന്ത്യവിശ്രമം കൊളളുന്ന, ഈ മണ്ണ് ഞങ്ങള്‍ക്ക് പവിത്രമാണ്. പക്ഷേ നിങ്ങളാകട്ടെ സ്വന്തം പൂര്‍വ്വികരുടെ പരമ്പരകളുറങ്ങുന്ന കുഴിമാടങ്ങളെ പശ്ചാത്താപമേതുമില്ലാതെ പിന്നിലുപേക്ഷിച്ച് നടന്നകലുന്നു.
നിങ്ങളുടെ ദൈവം സ്വന്തം ലോഹവിരലുകളാല്‍, നിങ്ങളിലൊരിക്കലും വിസ്മൃതമാകാത്ത വിധം ശിലാഫലകങ്ങളില്‍ കോറിയിട്ടതാണ് നിങ്ങളുടെ മതം. എന്റെ ചുവന്ന ഗോത്രത്തിന് അത് ഏറ്റുവാങ്ങാനോ ഓര്‍ത്തുവക്കാനോ കഴിയില്ല. ഞങ്ങള്‍ക്ക് മതം ഞങ്ങളുടെ പൂര്‍വ്വികരുടെ പൈതൃകങ്ങളാണ്. എന്റെ ഗോത്രത്തിന്റെ വാര്‍ദ്ധക്യങ്ങള്‍ക്ക്, സ്വന്തം രാത്രികളുടെ ഏകാകിതകളില്‍ വിശുദ്ധാത്മാവ് നല്‍കിയ കിനാവുകളാണത്. പരമാത്മാവിനാല്‍ അവര്‍ക്കനുവദിക്കപ്പെട്ട ദര്‍ശനങ്ങളാണ്. എന്റെ ജനതയുടെ ഹൃദയതാളങ്ങളില്‍ മുദ്രിതമാണ് ഞങ്ങളുടെ മതം. പക്ഷേ, സ്വന്തം ശവകുടീരങ്ങളുടെ വാതായനങ്ങള്‍ക്കപ്പുറം, നിങ്ങളുടെ മണ്‍മറഞ്ഞവര്‍ സ്വന്തം പൗത്രരോടും ഉയിരൂട്ടിയ മണ്ണിനോടുമുള്ള സ്‌നേഹം മറന്ന്, ഒരിക്കലും മടങ്ങിവരാത്തവരും വിസ്മൃതരുമായി, നക്ഷത്രങ്ങള്‍ക്കപ്പുറം അലഞ്ഞുതിരിയുന്നു.

എന്റെ പൂര്‍വ്വികര്‍, പക്ഷേ, അവര്‍ക്കുയിരേകിയ മണ്ണിന്റെ സുന്ദരതകളെ ഒരിക്കലും മറന്നുകളയുകയില്ല. സ്വന്തം മണ്ണിന്റെ നിഗൂഢമായ താഴ്‌വരകളും മര്‍മ്മര രവങ്ങളാര്‍ന്ന പുഴകളും മഹാപര്‍വ്വതങ്ങളും ഗൂഢതയാര്‍ന്ന തടാകങ്ങളും തീരങ്ങളും അവര്‍ എന്നും സ്‌നേഹിക്കുന്നു. എന്നേക്കുമായി ഹൃദയത്തില്‍ കാത്തുവക്കുന്ന ദൃഢബദ്ധമായ സ്‌നേഹാര്‍ദ്രതയോടെ, ഈ മണ്ണില്‍ ഏകാകിത പേറുന്ന ഹൃദയങ്ങളോടെ ജീവിതം തുടരുന്ന സ്വന്തം പരമ്പരകളെ ആശ്വസിപ്പിക്കാനും നയിക്കാനുമായി അവര്‍ സ്വന്തം വേട്ടസ്ഥലികളില്‍ നിന്ന് ഈ മണ്ണിലേക്ക് തിരികെയെത്തുന്നു.
plachimadabirthright.jpg

എന്റെ ജനതക്ക് ജന്മം നല്‍കിയ ഈ മണ്ണ് വിലയ്ക്ക് നല്‍കണമന്ന മനോഹരമായ നിങ്ങളുടെ നിര്‍ദ്ദേശം എന്റെ ജനത അംഗീകരിക്കുമെന്നും അവര്‍ക്കായി നിങ്ങള്‍ നീക്കിവച്ച വാഗ്ദത്തഭൂമിയിലേക്ക് അവര്‍ പിന്‍വാങ്ങുമെന്നും തന്നെ ഞാന്‍ കരുതുന്നു. അങ്ങനെ എന്റെ ജനത നിങ്ങളില്‍ നിന്നകന്ന് സ്വന്തം ജീവന്റെ ശാന്തി കണ്ടെത്തും. കാരണം, കട്ടിപിടിച്ച ഇരുളില്‍ നിന്ന് എന്റെ ജനതയോട് പ്രകൃതി തന്നെ ഉരിയാടുന്നവയാണ് വെളുത്ത മൂപ്പന്റെ വാക്കുകളെന്ന് എനിക്ക് തോന്നുന്നു.
സ്വന്തം അവശിഷ്ടദിനങ്ങള്‍ എന്റെ ജനത ഏതുമണ്ണില്‍ ചിലവഴിക്കുമെന്നത് ഇന്ന് അപ്രസക്തമാണല്ലോ. ഞങ്ങളുടെ ദിനങ്ങള്‍ ഇനി ഏറെ അവശേഷിക്കുന്നുമില്ലല്ലോ. ചുവന്ന മനുഷ്യന്റെ വരാനിരിക്കുന്ന രാവുകള്‍ ഏറെ ഇരുണ്ടതാണെന്ന് വ്യക്തമായിക്കഴിഞ്ഞു. പ്രതീക്ഷയുടെ ഒറ്റ നക്ഷത്രം പോലും അവരുടെ ചക്രവാളങ്ങളില്‍ പ്രകാശം പൊഴിക്കുന്നില്ല. ചുവന്ന മനുഷ്യന്റെ ജീവിതത്തെ ദുര്‍വിധികള്‍ കൈയ്യാളിക്കഴിഞ്ഞു. സ്വന്തം സംഹാരകന്റെ അടുത്തടുത്ത് വരുന്ന കാലൊച്ചകള്‍, മുറിവേറ്റ മാന്‍പേട വേട്ടക്കാരന്റെ കാലൊച്ചകള്‍ കാതോര്‍ക്കുംപോലെ, എന്റെ ജനത കാതോര്‍ക്കുകയാണ്. സ്വന്തം ഒടുക്കങ്ങളെ ഏറ്റുവാങ്ങാനൊരുമ്പെടുകയാണ്.
കുറച്ചുമാത്രം ചാന്ദ്രസംക്രമണങ്ങള്‍ക്കും ഇത്തിരി ശിശിരങ്ങള്‍ക്കുമപ്പുറം, ഒരിക്കല്‍ ഈ മണ്ണിന്റെ വിശാലതയില്‍ നിറഞ്ഞുനിന്നിരുന്ന, ഈ മണ്ണിന്റെ സംതൃപ്തഗേഹങ്ങളില്‍ പരമാത്മാവിന്റെ കരങ്ങളാല്‍ സംരക്ഷിതരായിരുന്ന, നിങ്ങളേക്കാള്‍ പ്രതീക്ഷാഭരിതരും കരുത്തുറ്റവരുമായിരുന്ന ഒരു ജനതതിയുടെ ശവകുടീരങ്ങള്‍ക്കുമേല്‍ കണ്ണീരിനാല്‍ ഉദകം പകരാന്‍ ഇവിടെ എന്റെ ജനതയില്‍ ഒരുവന്‍പോലും അവശേഷിക്കുകയില്ല.
Coca-Cola India again set to face the heatഎനിക്കറിയില്ല. ഞങ്ങളുടെ രീതികള്‍ നിങ്ങളില്‍ നിന്ന് വിഭിന്നമാണ്. നിങ്ങളുടെ നഗരങ്ങളുടെ കാഴ്ച ചുവന്ന മനുഷ്യന്റെ കണ്ണുകള്‍ക്ക് വേദനാജനകമാണ്. വെള്ളക്കാരന്റെ നഗരങ്ങളില്‍ ശാന്തമായൊരിടമില്ല.
വസന്തത്തില്‍ ഇലകള്‍ വളരുന്നതും ഷഡ്പദങ്ങളുടെ ചിറകിളകുന്നതും കേള്‍ക്കാനിടമില്ല. ഘടഘടാരവങ്ങള്‍ കാതുകളെ അപമാനിക്കുന്നത് പോലയേ തോന്നൂ. വാനമ്പാടിയുടെ ഏകാന്തവിലാപവും രാത്രികാലത്ത് കുളക്കരയിലെ തവളകളുടെ കരച്ചിലും കേള്‍ക്കാനാവില്ലെങ്കില്‍ നമ്മുടെ ജീവിതത്തിലെന്താണുണ്ടാവുക? ഞാനൊരു ചുവന്ന മനുഷ്യനാണ്, എനിക്ക് മനസ്സിലാവുന്നില്ല. പൈന്‍ തളിരുകളുടെ മണമുള്ള, പുതുമഴയാല്‍ ശുദ്ധമായ കാറ്റിന്റെ സുഗന്ധവും തടാകത്തിനു മീതെ അതടിക്കുന്നതിന്റെ ഒച്ചയുമാണ് ഞങ്ങള്‍ക്ക് ഇഷ്ടം.

ചുവന്നവന് വായു അമൂല്യമാണ്, കാരണം മൃഗവും മരവും മനുഷ്യനും പങ്കിടുന്നത് അതേ ശ്വാസമാണ്. അവന്‍ ശ്വസിക്കുന്ന വായുവിനെ വെള്ളക്കാരന്‍ ശ്രദ്ധിക്കാറില്ല. മരണശയ്യയിലെ മനുഷ്യനെപ്പോലെ അവന്റെ മൂക്ക് നാറ്റം പോലുമറിയാത്തവിധം മരവിച്ചിരിക്കുകയാണ്. പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ ഭൂമി വില്‍ക്കുകയാണെങ്കില്‍ ഈ വായു ഞങ്ങള്‍ക്കമൂല്യമാണെന്ന് നിങ്ങളോര്‍ക്കണം, വായു താങ്ങിനിര്‍ത്തുന്ന ജീവനാണ് അതിന്റെ ആത്മാവെന്നും.

ഞങ്ങളുടെ മുത്തച്ഛന്മാര്‍ക്ക് പ്രാണവായു നല്‍കിയ കാറ്റ് തന്നെയാണ് അവരുടെ അന്ത്യശ്വാസം ഏറ്റുവാങ്ങിയതും. ഞങ്ങള്‍ ഈ ഭൂമി വില്‍ക്കുകയാണെങ്കില്‍ വെള്ളക്കാരന് പോലും പുല്‍മേട്ടിലെ പൂക്കളുടെ ഗന്ധവാഹിയായകാറ്റ് അറിയുവാനുള്ള ഇടമാവുന്ന വിധം അതിനെ പവിത്രമായി മാറ്റിവെക്കണം. അങ്ങിനെ, ഭൂമി വാങ്ങാമെന്ന നിങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ പരിഗണിക്കാം. സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ ഒരു വ്യവസ്ഥ വെയ്ക്കും -വെള്ളക്കാരന്‍ ഈ ഭൂമിയിലെ മൃഗങ്ങളെ അവന്റെ സഹോദരങ്ങളായി കാണണം.


ഞാനൊരു പ്രാകൃതനാണ്, എനിക്ക് വേറൊരു രീതിയും അറിയില്ല. ഓടുന്ന വണ്ടിയിലിരുന്ന് വെള്ളക്കാര്‍ വെടിവെച്ച് വീഴ്ത്തിയ ആയിരക്കണക്കിന് കാട്ടുപോത്തുകളുടെ ദേഹങ്ങള്‍ പുല്‍മേടുകളില്‍ ചീഞ്ഞുനാറുന്നത് ഞാന്‍ കണ്ടു. ഞാനൊരു കാടനാണ്, ഞങ്ങള്‍ ഉപജീവനത്തിന് മാത്രം കൊല്ലുന്ന പോത്തിനേക്കാള്‍ എങ്ങിനെ ഒരു പുകവണ്ടിക്ക് പ്രാധാന്യം വരുമെന്ന് എനിക്കറിയില്ല. മൃഗങ്ങളില്ലാതെ മുഷ്യനെന്താണ്? എല്ലാ മൃഗങ്ങളും പോവുകയാണെങ്കില്‍ ആത്മാവിന്റെ മഹാഏകാന്തത കൊണ്ട് മനുഷ്യന്‍ മരിച്ചുപോകും. എല്ലാം പരസ്​പര ബന്ധിതമാണ്.

അവരുടെ കാല്‍ക്കീഴിലെ മണ്ണില്‍ ഞങ്ങളുടെ പിതാമഹന്മാരുടെ ചാരമുണ്ടെന്ന് നിങ്ങള്‍ കുട്ടികളോടു പറഞ്ഞുകൊടുക്കണം. അവരാ മണ്ണിനെ മാനിക്കും, ഞങ്ങളുടെ ബന്ധുക്കളുടെ ജീവിതം കൊണ്ട് സമ്പന്നമാണ് ഈ ഭൂമിയെന്നവരോട് പറയണം. ഭൂമി നമ്മുടെ അമ്മയാണെന്ന് ഞങ്ങള്‍ മക്കളെ പഠിപ്പിച്ചത് പോലെ നിങ്ങളും മക്കളെ പഠിപ്പിക്കണം. ഭൂമിക്ക് എന്ത് സംഭവിച്ചാലും അതിന്റെ മക്കള്‍ക്കും അത് സംഭവിക്കും. മനുഷ്യര്‍ മണ്ണില്‍ തുപ്പിയാല്‍ അവര്‍ തങ്ങളെത്തന്നെയാണ് തുപ്പുന്നത്.

ഇത് ഞങ്ങള്‍ക്കറിയാം: ഭൂമി മനുഷ്യന്റെ സ്വത്തല്ല. മനുഷ്യന്‍ ഭൂമിയുടെ സ്വത്താണ്. രക്തം കുടുംബാംഗങ്ങളെ ബന്ധപ്പെടുത്തുന്നത് പോലെ എല്ലാം പരസ്​പര ബന്ധിതമാണ്.

ദൈവത്തെ ചങ്ങാതിയെപ്പോലെ കൂടെ കൊണ്ടുനടക്കുന്ന വെള്ളക്കാരനെയും പൊതുവായ ഈ ഭാഗധേയത്തില്‍ നിന്ന് ഒഴിവാക്കാനാവില്ല. എന്തൊക്ക പറഞ്ഞാലും നമ്മളെല്ലാം സഹോദരന്മാരായിരിക്കും. നമുക്ക് കാണാം. വെള്ളക്കാരനൊരുനാള്‍ കണ്ടുപിടിച്ചേക്കാവുന്ന ഒരു കാര്യം ഞങ്ങള്‍ക്കറിയാം, ഞങ്ങളുടെ ദൈവവും അതേ ദൈവം തന്നെയാണ്.


ഞങ്ങളുടെ ഭൂമിയുടെ ഉടമകളാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ അവന്റെയും ഉടമസ്ഥത നിങ്ങള്‍ക്കാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകാം. പക്ഷേ നിങ്ങള്‍ക്കതിനാവില്ല. അവന്‍ മനുഷ്യന്റെ ദൈവമാണ്. അവന്റെ സ്‌നേഹം വെള്ളക്കാരനും ചുവന്നവനും ഒന്നുപോലെയാണ്. ഈ ഭൂമിയവന് അമൂല്യമാണ്, ഈ ഭൂമിയോട് ദ്രോഹം ചെയ്യുകയെന്നാല്‍ അതിന്റെ സൃഷ്ടാവിനെ അപാനിക്കലാണ്. ഓര്‍മ്മിക്കുക,  

സ്വന്തം കിടക്ക മലിനമാക്കിയാല്‍ ഒരു രാത്രി സ്വന്തം വിസര്‍ജനത്തില്‍ ശ്വാസം മുട്ടി മരിക്കും.

സിയാറ്റില്‍ മൂപ്പന്റെ വാക്കുകള്‍ സ്വതന്ത്ര പരിഭാഷകളില്‍ നിന്നു കടമെടുത്തത്  
http://en.wikisource.org/wiki/Chief_Seattle%27s_Speech

9 comments:

  1. നിങ്ങളോര്‍ക്കുക നിങ്ങളോര്‍ക്കുക
    നിങ്ങളെങ്ങനെ നിങ്ങളായെന്ന്

    ReplyDelete
  2. പ്രകൃതിക്കുവേണ്ടിയുള്ള ഈ പോരാട്ടം തുടരട്ടെ ..നമുക്കും കൂടാം ..

    ReplyDelete
  3. സ്വന്തം കിടക്ക മലിനമാക്കിയാല്‍ ഒരു രാത്രി സ്വന്തം വിസര്‍ജനത്തില്‍ ശ്വാസം മുട്ടി മരിക്കും.

    ReplyDelete
  4. പ്രിയപ്പെട്ട വിഷ്ണു,
    ശക്തിയായി തന്നെ പ്രതികരിച്ചു!ദേശ സ്നേഹം എല്ലാവര്‍ക്കും !അധികാരമുള്ളവര്‍ക്ക് എന്നും ആഞ്ഞടിക്കാം!
    ഇനിയും എഴുതുക...
    സസ്നേഹം,
    അനു

    ReplyDelete
  5. ഈ സമരവിളികള്‍ ഇനിയും ഉയരട്ടെ, നന്മയുണരട്ടെ
    നല്ല പോസ്റ്റ്
    ആശംസകള്‍

    ReplyDelete
  6. http://www.hindustantimes.com/Speedy-decisions-on-Posco-Vedanta-Jayanthi-Natarajan/Article1-722307.aspx

    ReplyDelete
  7. പോസ്കോ പദ്ധതി നടപ്പിലാക്കുമ്പോള്‍ നഷ്ടപ്പെടുന്നത് പതിനായിരക്കണക്കിനു ഏക്കര്‍ വനഭൂമിയും അതിലെ വിലമതിക്കാനാവാത്ത ജൈവ വൈവിധ്യവും ആയിരത്തോളം വരുന്ന പാവം ഗ്രാമീണരുടെ ജീവിതവും ആണ് . ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ വാളോങ്ങുകയാണ് സര്‍ക്കാര്‍. ഒരു ഘട്ടം വരെ ദക്ഷിണകൊറിയന്‍ കമ്പനിയുടെയും ഒറീസാ ഗവണ്‍മെന്റിന്റെയും ലാഭമോഹത്തില്‍ നിന്നും ഉടലെടുത്ത ഗൂഢ നീക്കങ്ങള്‍ക്ക് സമ്മതം മൂളാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നടന്നത് ഒരു മലക്കം മറിച്ചില്‍ ആയിരുന്നു. ഇതേക്കുറിച്ച് ജയറാം രമേശ്‌ തിരുവനന്തപുരത്ത് വന്നപ്പോള്‍ പറഞ്ഞതിങ്ങനെ :
    വനം മന്ത്രിമാര്‍ക്ക് അവര്‍ പരിസ്ഥിതിക്കുവേണ്ടി നിലകൊള്ളുമ്പോഴും ചിലപ്പോള്‍ തലച്ചോര്‍ ഉണ്ടെന്നു തെളിയിക്കേണ്ടിവരും''.

    ReplyDelete
  8. നല്ല പോസ്റ്റ്‌ , നന്നായി പറഞ്ഞു .
    ആശംസകള്‍ ....

    ReplyDelete