Friday, December 2, 2011

ഇത് ദേവഭൂമിയോ ?


ഹിമവാന്റെ മടിത്തട്ടില്‍
                അധികാരത്തിന്‍റെ അപ്പകഷ്ണം ഏവരേയും മോഹിപ്പിക്കുന്ന ഒന്നാണ്. എത്ര ചെറുതായാലും അത് കൈക്കലാക്കുന്നതിനായി ആത്മാഭിമാനം വരെ അടിയറ വെയ്ക്കാന്‍ മടിയില്ല എന്ന നിലയിലേക്ക് നമ്മള്‍ തരം താണുപോകുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സമ്പ്രദായത്തിന്‍റെ ഏറ്റവും വലിയ അപചയമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇവിടെ ഒരുകൂട്ടം ഗ്രാമീണര്‍ തങ്ങളുടെ മണ്ണും മരവും വെള്ളവും സംരക്ഷിക്കുന്നതിനായുള്ള പ്രക്ഷോഭത്തിന്‍റെ ഭാഗമായി തങ്ങള്‍ക്കു വച്ച് നീട്ടിയ അപ്പ കഷണങ്ങളെ വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നു.. ഹിമാചല്‍ പ്രദേശിലെ കിണോര്‍ (Kinnaur) എന്ന മലയോര ജില്ലയിലെ ഉര്ണി (Urni), യുല (Yula), ചഗോന്‍( Chagaon) , മിറ് (Miru) എന്നീ നാല് പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടര്‍ച്ചയായ രണ്ടാം തവണയും മത്സരിക്കാനാളില്ലാതെ മാറ്റി വച്ചിരിക്കുകയാണ്. ഈ നാല് പഞ്ചായത്തുകളില്‍ 22 വാര്‍ഡുകളിലായി 3326 വോട്ടര്‍മാരുണ്ട്. എന്നാല്‍ ഇവരില്‍ ആരും തന്നെ നവംബര്‍ മുപ്പതിന് നടത്താനുദ്ദേശിച്ചിരുന്ന തെരഞ്ഞെടുപ്പിന് നോമിനേഷന്‍ കൊടുത്തില്ല. സീറ്റ് കിട്ടാനായി നേതാക്കന്മാരുടെ വീടുകളില്‍ അട്ടിപ്പേറ് കിടക്കുകയും കിട്ടിയില്ലെങ്കില്‍ മറുകണ്ടം ചാടുകയും ചെയ്യുന്നത് നിത്യ സംഭവമായി തീര്‍ന്നിരിക്കുന്ന നമ്മുടെ രാജ്യത്ത് ഇത്തരമൊന്ന് നടക്കണമെങ്കില്‍ അതിന്റെ പുറകില്‍ കാര്യമായെന്തെങ്കിലും തന്നെ വേണം അല്ലെ ?

സമൃദ്ധമായ പ്രകൃതി സമ്പത്ത് കൊണ്ട് അനുഗ്രഹീതമാണ് ഹിമാചല്‍ പ്രദേശ്‌ എന്ന “ദേവഭൂമി”യിലെ കിണോര്‍ ജില്ല . മണ്ണും മരവും ജീവജാല ങ്ങളുമായി സവിശേഷമായ ആത്മ ബന്ധം സൂക്ഷിക്കുന്ന സാധാരണ മനുഷ്യരാണ് ഇവിടെ താമസിക്കുന്നത്. സത് ലജ് നദിയുടെ തീരത്ത് കൃഷിയും മറ്റു പരമ്പരാഗത ജോലികളും ഒക്കെ ചെയ്താണ് ഇവര്‍ ജീവിതം തള്ളി നീക്കിയിരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് വികസനത്തിന്റെ പുതിയ സമവാക്യങ്ങളുയര്‍ത്തി ഹിമാചല്‍ സര്‍ക്കാര്‍ 1,000 MW ശേഷിയുള്ള Karcham Wangtoo Hydroelectric Project മായി രംഗത്ത് വരുന്നത്. പതിവ് പോലെ പ്രോജക്റ്റ്‌ നടപ്പിലായാല്‍ ഉണ്ടാകുന്ന വ്യവസായ-വികസന നേട്ടങ്ങള്‍, തൊഴില്‍ സാധ്യതകള്‍,പ്രോജക്റ്റ്‌ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഭീമമായ നഷ്ട പരിഹാരം തുടങ്ങി വാഗദാനങ്ങളുടെ പെരുമഴ തന്നെ ഉണ്ടായി. പക്ഷെ വാഗ്ദാനങ്ങളെല്ലാം കടലാസില്‍ ഒതുങ്ങി. പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ അധികാരികള്‍ നിസ്സഹായരായി കൈ മലര്‍ത്തി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതികള്‍ ഉണ്ടായിരുന്നു. Jaypee Karcham Hydro Corporation Limited (JKHCL) എന്ന സ്വകാര്യ കമ്പനി Build-Own-Operate (BOO) വ്യവസ്ഥയില്‍ ആണ് പദ്ധതി നിര്‍മ്മിക്കുന്നത്.സ്വകാര്യ മേഖലയില്‍ നിര്‍മ്മിക്കപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതികളില്‍ ഒന്നാണ് ഇത്. ജയപ്രകാശ്‌ അസ്സോസിയെറ്റ്‌സിന്‍റെ ( അല്ലെങ്കില്‍ Jaypee ഗ്രൂപ്പിന്‍റെ) കോര്‍പ്പറേറ്റ് സാമ്രാജ്യത്തിലുള്ള കമ്പനിയെ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് തീര്‍ച്ചയായും പരിമിതി കാണുമല്ലോ.....!
 
പ്രദേശത്തെ പാരമ്പര്യ ജല സ്രോതസ്സുകളെയും ജൈവ പ്രകൃതിയെയും വന സമ്പത്തിനെയും പദ്ധതി ഏറെ നാശം വരുത്തിയിട്ടുണ്ട്. പദ്ധതി നിര്‍മാണം മൂലമുള്ള മലിനീകരണം വേറെയും. “ പദ്ധതിക്കുവേണ്ടി ഒരുപാട് പേരുടെ വീടുകള്‍ തകര്‍ത്തു കളഞ്ഞു. ഞങ്ങളുടെ പ്രദേശമാകെ മലിനമാക്കി” Karcham Wangtoo Sangharsh Samiti പ്രസിഡണ്ട്‌ വിനയ്‌ നേഗിയുടെ വാക്കുകളില്‍ അടങ്ങാത്ത രോഷമുണ്ട്. പദ്ധതി നടത്തിപ്പിന് വേണ്ട No-objection certificate (NoC) പഞ്ചായത്തില്‍ നിന്ന് കമ്പനിക്ക് ലഭിച്ചിട്ടില്ല എന്ന് ഹിമലോക് ജാഗ്രിതി മഞ്ചിന്റെ പ്രവര്‍ത്തകന്‍ R.S. നേഗി ചൂണ്ടിക്കാണിക്കുന്നു. “സര്‍വേ നടത്താനും വീടുകള്‍ പൊളിച്ചു മാറ്റാനും വന്ന ആളുകളെ പിന്നെ കണ്ടതേയില്ല, വാഗ്ദാനം ചെയ്യപ്പെട്ട പണത്തിനു പകരം കിട്ടിയത് തുച്ഛമായ തുക.കാര്‍ഷിക വിളകള്‍ നശിപ്പിച്ചതിന് നഷ്ട പരിഹാരം ഒന്നും തന്നിട്ടില്ല”- ഉര്ണി ഗ്രാമ പഞ്ചായത്തിലെ ബ്രാഹ്മി ദേവി പറയുന്നു. പദ്ധതി നടത്തിപ്പുകാരും സര്‍ക്കാരും തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം തുടര്‍ന്ന് കൊണ്ട് പോകുമെന്നാണ് ഇവര്‍ പറയുന്നത്. അതിന്റെ ഭാഗമാണ് ഈ തെരഞ്ഞെടുപ്പു ബഹിഷ്കരണവും.

2010 ഡിസംബര്‍ 28 മുതല്‍ 2011 ജനുവരി 1 വരെ സംസ്ഥാനത്ത് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഈ നാല് പഞ്ചായത്തുകളും ബഹിഷ്കരിച്ചിരുന്നു. അതേ തുടര്‍ന്ന് പുതിയ തെരഞ്ഞെടുപ്പ് നവംബര്‍ 30 നു നടത്താന്‍ തീരുമാനിച്ചു വിജ്ഞാപനമിറക്കി. നോമിനേഷന്‍ കൊടുക്കേണ്ട അവസാന തീയതി നവംബര്‍ 16 നു അവസാനിച്ചുവെങ്കിലും ഒരാള്‍ പോലും പത്രിക സമര്‍പ്പിച്ചില്ല. ചെറിയ ഇടവേളക്കു ശേഷം വീണ്ടും പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു തെരഞ്ഞെടുപ്പ് . അതിനു മുന്‍പെങ്കിലും ഇവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം ലഭിക്കുമോ..?

മേല്‍പ്പറഞ്ഞ രീതിയിലുള്ള പ്രശ്നങ്ങള്‍ ഹിമാചലില്‍ ഒറ്റപ്പെട്ട സംഭവമല്ല. ജല വൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട പരിഹാരം കാണാത്ത നിരവധി പ്രശ്നങ്ങള്‍ ഷിംല, ചമ്പ , കുളു ജില്ലകളിലുമുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയുള്ള സര്‍ക്കാര്‍ പദ്ധതി നടത്തിപ്പ് പൂര്‍ണമായും സ്വകാര്യ മേഖലക്ക് വിട്ടു കൊടുത്തിട്ട് കൈയും കെട്ടി നോക്കി നില്‍ക്കുമ്പോള്‍ പൊതു ജനത്തിന് കടുത്ത പ്രതിഷേധ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ.
 >> >> >>
കടപ്പാട് : ഹിമവാണി , ദി ഹിന്ദു
 
കുറിപ്പ് : നൈനാദേവി ജ്വാലാമുഖി തുടങ്ങി നിരവധി ക്ഷേത്രങ്ങളും മറ്റു തീര്ഥാടന കേന്ദ്രങ്ങളും ഉള്ളത് കൊണ്ടാണ് ഹിമാചല്പ്രദേശിനെ "ദേവ് ഭൂമി" എന്ന് വിളിക്കുന്നത്‌ . ഋഷികേശ്, ഹരിദ്വാര്‍ , ബദരിനാഥ് , കേദാര്നാഥ് എന്നിങ്ങനെയുള്ള തീര്ഥാടന കേന്ദ്രങ്ങളുടെ സാന്നിധ്യം കൊണ്ട് ഉത്തരാഖണ്ടിനെയും "ദേവ് ഭൂമി "എന്ന് വിളിക്കാറുണ്ട് . ഇവ രണ്ടും അയല്സംസ്ഥാനങ്ങളാണ് .




15 comments:

  1. ദേവ ഭൂമി അസുരഭൂമിയാകുന്നതിന്റെ ആശങ്കകള്‍ നന്നായി പങ്കു വെച്ചു. ചൂഷണം ചെയ്യാനുള്ള മനുഷ്യന്റെ ത്വര പ്രകൃതിയെയും പാവം മനുഷ്യരെയും അര്‍ബുദം പോലെ കൊന്നു കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം.. നല്ല പോസ്റ്റ്‌!

    ReplyDelete
  2. നല്ലൊരുചിന്ത!
    വരികളിലെ പരിഹാസം ശരിക്കും ഏറ്റു.

    ReplyDelete
  3. നല്ല ഒരു ചിന്തയാണ് പങ്കുവെച്ചത്...

    ReplyDelete
  4. പ്രതിഷേധങ്ങള്‍ ഉയരട്ടെ ,മനുഷ്യകുലം വിജയിക്കട്ടെ ..ആശംസകള്‍

    ReplyDelete
  5. നന്നായെഴുതി. മനുഷ്യനു സമാധനത്തോടെ ജീവിക്കന്‍ പറ്റാത്തിടം എന്ത് ദേവ ഭൂമി.

    ReplyDelete
  6. നമ്മൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ വ്യാപ്തി നമ്മളറിയുന്നില്ല..ദ്രോഹം ചെയ്യുന്നത്‌ വരും തലമുറകളോടാണ്‌..അവരുടെ ചോദ്യങ്ങൾ വരാൻ പോകുന്നതേയുള്ളൂ..അവർ ചോദിക്കും - മുൻപെ പോയവർ ഇത്രയും ദുഷ്ടന്മാരായിരുന്നോ?..

    പിറക്കാൻ പോകുന്നവരുടെ ശാപങ്ങളാണ്‌ നമ്മൾ വാങ്ങിച്ചു കൂട്ടുന്നത്‌..

    ReplyDelete
  7. പ്രധിഷേധം ഇങ്ങനെയുമാകാം.. അറിയാത്ത ഒരു വിവരം പകര്‍ന്നു തന്നതിന് നന്ദി വിഷ്ണു...

    ReplyDelete
  8. നല്ല പോസ്റ്റ് സുഹൃത്തെ. ഈ സമരത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. കൂട്ടികൊടുപ്പ് രാഷ്ട്രീയത്തിന് പ്രൊജക്റ്റുകള്‍ വലകള്‍ ആണ്. സ്രാവുകളെ പിടിക്കുവാനുള്ള വലകള്‍.

    ReplyDelete
  9. നല്ലൊരു പോസ്റ്റ്‌ വിഷ്ണൂ... ഈ കാര്യങ്ങള്‍ ഇപ്പോഴാണ് അറിയുന്നത്..

    ReplyDelete
  10. വികസനം ആര്‍ക്കു വേണ്ടിയാണ്..?
    അതിന്റെ ഉപഭോക്താക്കള്‍ ആരാവണം..?
    ഇത്തരം വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് വരുന്ന ജനത വാഗ്ദത്തം ചെയ്യപ്പെട്ട പുരധിവാസവും കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.
    ഇതിലെ രസകരമായ വസ്തുത. അണക്കെട്ട് നിര്മ്മാണാവശ്യാര്‍ത്ഥം കുടിയിറക്കപ്പെട്ട ആയിരങ്ങള്‍ക്ക് കുടിവെള്ളമോ വൈദ്യുതിയോ എത്തിക്കുന്നത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇന്നും സാധിക്കാത്ത ഇടങ്ങള്‍ നമ്മുടെ രാജ്യത്ത് അനവധിയാണ്. അപ്പോള്‍, വികസനത്തിന്‍റെ ഉപഭോക്താക്കള്‍ ആരാണ്. ?
    ഇങ്ങനെ ഇരകളാക്കപ്പെടുന്നവര്‍ക്ക് എന്നാണ് എവിടെ നിന്നാണ് നീതി ലഭ്യമാവുക.
    വികസനം എന്നത് കേവലമൊരു വാക്കല്ലെന്നും അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മേലുള്ള ഉറപ്പാണെന്നും ഈ ഭരണ വര്‍ഗ്ഗങ്ങള്‍ക്ക് എന്നാണ് തിരിച്ചരിവുണ്ടാവുക..?
    ഇങ്ങനെ തിരഞ്ഞെടുപ്പ് ബഹിഷ്കരണം ഒരു ജനാധിപത്യ രാജ്യത്ത് അതും പ്രാധിനിധ്യ ജനാതിപത്യം ഘോഷിക്കുന്ന ഒരു രാജ്യത്ത് സംഭവിക്കുന്നതിന്റെ കാരണം പരിഹരിക്കെണ്ടിയിരിക്കുന്നു.
    അല്ലാത്ത പക്ഷം, ജനാധിപത്യത്തിന്റെ ഊര്ദ്ധ ശ്വാസം വൈകാതെ കേള്‍ക്കാം..!

    വിഷ്ണു നല്ലൊരു ലേഖനം.. ഇരകളുടെ പക്ഷം നന്നായി പറഞ്ഞു. അഭിനന്ദനം.

    ReplyDelete
  11. അയ്യോ..സര്‍ക്കാരിനെ വിമര്ഷിക്കരുതെ...അവര്‍ വിഷമിക്കും..വികസനത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അതിര് കടക്കുന്നു..

    ReplyDelete
  12. നല്ലൊരു പോസ്റ്റ്.

    ReplyDelete