Wednesday, December 19, 2012

കണ്ണ് വേണം ഇരുപുറമെപ്പൊഴും, കയ്യില്‍ ഒരു കഠാരയും...

ഡിസംബര്‍ പതിനാറ്, ഞായര്‍

ദക്ഷിണ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ബസ് ജീവനക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് ക്രൂരകൃത്യത്തിനുപിന്നില്‍.  ഞായറാഴ്ച രാത്രിയാണ് സംഭവം. പീഡിപ്പിച്ചശേഷം വിദ്യാര്‍ഥിനിയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും പുറത്തേക്ക് വലിച്ചെറിഞ്ഞ് അക്രമികള്‍ സ്ഥലംവിട്ടു. രാത്രി അനധികൃത സര്‍വീസ് നടത്തുന്ന ബസിലായിരുന്നു പീഡനം.
സംഭവത്തില്‍ ഉള്‍പ്പെട്ടവരെന്ന് കരുതുന്ന നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച നോയ്ഡയില്‍നിന്ന് ബസ് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് ബലിയ സ്വദേശിയായ വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.

ഞായറാഴ്ച രാത്രി ഉത്തര്‍പ്രദേശ് ഗോരഖ്പുര്‍ സ്വദേശിയും എന്‍ജിനിയറുമായ യുവാവിനോടൊപ്പം സിനിമ കണ്ടശേഷം രാത്രി 9.15ഓടെ പെണ്‍കുട്ടി ദക്ഷിണ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍നിന്ന് ദ്വാരകയിലേക്കുള്ള ബസില്‍ കയറി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ബസ്ജീവനക്കാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. ബസ് ഡ്രൈവറും കണ്ടക്ടറും അടങ്ങിയ ഏഴുപേരടങ്ങുന്ന സംഘമാണ് ശല്യപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ സുഹൃത്ത് ഇത് ചോദ്യംചെയ്തപ്പോള്‍ ബസ് ജീവനക്കാര്‍ അയാളെ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച് അവശനാക്കിയശേഷം വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് ഡ്രൈവറുടെ ക്യാബിനിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീടു പെണ്‍കുട്ടിയെയും യുവാവിനെയും പുറത്തേക്ക് വലിച്ചെറിഞ്ഞു.

കൃത്യം നടത്തുമ്പോള്‍ ബസില്‍ മറ്റ് യാത്രികര്‍ ഉണ്ടായിരുന്നില്ല. ദക്ഷിണ ഡല്‍ഹിയിലെ മഹിപല്‍പുര്‍ എന്ന സ്ഥലത്ത് അവശ നിലയില്‍ കിടന്ന വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും വഴിയാത്രക്കാരനാണ് കണ്ടെത്തിയത്. ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടി സഫ്ദര്‍ജങ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. പെണ്‍കുട്ടിയുടെ വയറിലും കുടലിലും ഗുരുതരമുറിവുകളുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കടുത്തമര്‍ദനത്തിനും പെണ്‍കുട്ടി വിധേയയായിട്ടുണ്ട്. "സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത നഗരം" എന്ന് കുപ്രസിദ്ധിനേടിയ ഡല്‍ഹിയെ നടുക്കുന്നതാണ് പുതിയ സംഭവം. കഴിഞ്ഞവര്‍ഷംമാത്രം ഡല്‍ഹിയില്‍ 550ലേറെ ബലാത്സംഗക്കേസാണ് രജിസ്റ്റര്‍ചെയ്തത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകലും പതിവായി നടക്കുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത ഡല്‍ഹി സര്‍ക്കാരിനെതിരെ കടുത്ത രോഷം ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കാനാകാത്തത് സര്‍ക്കാരിന്റെയും പൊലീസ് സംവിധാനത്തിന്റെയും വീഴ്ചയാണെന്ന് ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ മമത ശര്‍മ പറഞ്ഞു.

എന്തുകൊണ്ടാണ്  ഡല്‍ഹിയില്‍ ബലാത്സംഗങ്ങള്‍ തുടര്‍ക്കഥയാകുന്നത് ?
                                                         തെഹല്‍ക്ക, ഏപ്രില്‍ പതിനാല്, 2012
ഡല്‍ഹിയിലെ നിയമപാലകര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ എങ്ങനെ നിരീക്ഷിക്കുന്നു എന്ന് നോക്കൂ.... ഇവരില്‍ പലര്‍ക്കുമാണ് കേസന്വേഷനത്തിനുള്ള ചുമതല നല്‍കിയിരിക്കുന്നത് .
ഇരകള്‍ക്ക് നീതി കിട്ടുമെന്ന് ഏതാണ്ട് ഉറപ്പാണല്ലോ...!



THE FARCE Rajpal Yadav Add’l SHO, Sector 29, Gurgaon  ‘Girls from Darjeeling and Nepal have come here for business purposes. They go with men for money, but if the money isn’t enough, it becomes rape’

 നേപ്പാളില്‍ നിന്നും ഡാര്‍ജിലിങ്ങില്‍ നിന്നുമൊക്കെ പെണ്‍കുട്ടികള്‍ ഇവിടെ വരുന്നത് “ബിസിനസ്‌” ചെയ്യാനാണ്. അവര്‍ പണത്തിനു വേണ്ടി ആണുങ്ങളുടെ കൂടെ പോകും, കിട്ടുന്ന പണം അവര്‍ക്ക് മതിയാകാതെ വരുമ്പോള്‍ അവര്‍ അത് പീഡനം എന്ന് പറയും—
രാജ്പാല്‍ യാദവ്‌ , Add’l Station House Officer, സെക്ടര്‍ 29, ഗുര്‍ഗാവ്‌


സ്ത്രീ പീഡനങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ തന്നെയാണ് എന്ന അങ്ങേയറ്റം മനുഷ്യത്വ രഹിതമായ വിശ്വാസം വച്ച് പുലര്‍ത്തുന്നവരാണ്  ഏതാണ്ടെല്ലാവരും.സ്ത്രീകളുടെ വസ്ത്ര ധാരണം, ദാരിദ്ര്യം, കുടുംബ പശ്ചാത്തലം ഇവയാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ന് ഇവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു.  പുരുഷന്മാരെ സ്ത്രീകള്‍ ആക്രമണത്തിന് പ്രേരിപ്പിക്കുന്നു എന്ന് ചുരുക്കം.




Arjun Singh SHO, Surajpur Police Station, Greater Noida

പെണ്‍കുട്ടികള്‍ അവരവരുടെ പരിധിക്കുള്ളില്‍ അടങ്ങിയൊതുങ്ങി നിന്നില്ലെങ്കില്‍, അനുയോജ്യമായ വേഷം ധരിച്ചില്ലെങ്കില്‍ , അവരോട്  ആകര്‍ഷണം തോന്നുന്നത് സ്വാഭാവികം മാത്രമാണ്. അത് ആണുങ്ങളെ പ്രകോപിപ്പിക്കുകയും ബലാല്‍ സംഗത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നു.
അര്‍ജുന്‍ സിംഗ് , SHO, സൂരജ്പൂര്‍ പോലീസ് സ്റ്റേഷന്‍, ഗ്രേറ്റര്‍ നോയിഡ.
പോക്കറ്റ് മണി സമ്പാദിക്കാന്‍ ആയി വ്യഭിചാരത്തിനിറങ്ങുന്ന സ്ത്രീകള്‍ പ്രതിഫലം തികയാതെ വരുമ്പോള്‍ പീഡന കേസ് ഫയല്‍ ചെയ്യുന്നു എന്നതാണ് ഇവരുടെ വിചിത്രമായ ന്യായം. കഴിഞ്ഞവര്‍ഷംമാത്രം ഡല്‍ഹിയില്‍ 550ലേറെ ബലാത്സംഗക്കേസാണ് രജിസ്റ്റര്‍ചെയ്തത് എന്ന വസ്തുത ഇതോടൊപ്പം ചേര്‍ത്ത് വച്ച് വായിക്കുമ്പോള്‍ ആണ് എത്ര ബാലിശമാണ് ഈ വാദം എന്ന് നാം തിരിച്ചറിയുക. 2010-ല്‍ 414 കേസുകള്‍  ആണ് ഫയല്‍ ചെയ്തിട്ടുള്ളത്.

ഇതോടൊപ്പം മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ജാതി ചിന്തയും പുറത്തു ചാടുന്നു. താഴ്ന്ന ജാതിക്കാരും ദരിദ്രരും ഒക്കെ മാത്രമാണത്രേ ആക്രമണത്തിന് ഇരയാകുന്നത്. (അതവരുടെ കയ്യിലിരുപ്പ് എന്ന് ധ്വനി )

 Praveen kumar SSP, Noida

സവര്‍ണ്ണജാതിക്കാര്‍ ( കുലീന സ്ത്രീകള്‍) പീഡനം സംബന്ധിച്ച പരാതികളുമായി വരാറില്ല. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ക്കിടയില്‍ അങ്ങനെയൊന്നു സംഭവിക്കുന്നതേയില്ല .

യോഗീന്ദര്‍ സിംഗ് തോമാര്‍ , നോയിഡ


ആക്രമിക്കപ്പെട്ട പെണ്‍കുട്ടി നീതി തേടി വരുന്നത് ഇവരുടെ മുന്പിലേക്കാണ്. ബലാത്സംഗത്തിനു ഇരയായി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ പൊതുവെ അത് പുറത്തു പറയാന്‍ മടികാണിക്കാറുണ്ട്. തങ്ങളുടേതല്ലാത്ത ഈ തെറ്റിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍  വേട്ടയാടാന്‍  സമൂഹം നാവില്‍ വെള്ളമൂറിക്കൊണ്ട് കാത്തിരിക്കുകയാണ് എന്നത് തന്നെ അതിനു കാരണം. തനിക്കു സംഭവിച്ച ദുര്‍ഗതി മറ്റുള്ളവര്‍ക്ക് വരാതിരിക്കാന്‍ കേസ് കൊടുത്തേ തീരൂ എന്ന് നിര്‍ബന്ധമുള്ളവര്‍ മാത്രമാണ് പൊതുവെ നിയമ സഹായം തേടിയെത്തുന്നത്. ഓരോ  അമ്പത്തിയൊന്നു ആക്രമണങ്ങളില്‍  അമ്പതും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാറില്ല എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

THE FARCE Satbir Singh Add’l SHO, Sector-31 Police Station, Faridabad  ‘If a girl wears revealing clothes, it will encourage lewd thoughts in any kid. They wear short skirts, blouse, they don’t wear dupattas, they flaunt their bodies. The kid naturally will get attracted to her’

സ്ത്രീകളുടെ വേഷ വിധാനമാണ് പ്രധാന പ്രശ്നം, ശരീരം പ്രദര്‍ശിപ്പിക്കുന്ന വേഷങ്ങള്‍ ആരിലും അധമ വികാരങ്ങള്‍ ഉണര്‍ത്തുന്നു.

സത്ബിര്‍ സിംഗ് , Add’l Station House Officer, സെക്ടര്‍ 31, ഫരീദാബാദ് പോലിസ്‌ സ്റ്റേഷന്‍

എന്തിനാണ് സ്ത്രീകള്‍ നൈറ്റ്‌ ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നത്? എന്തിനാണ് അവര്‍ ബാര്‍ടെണ്ടര്‍ ആയി ജോലി ചെയ്യുന്നത്? ദുപ്പട്ട ധരിക്കാത്തത്  എന്തുകൊണ്ടാണ് ? തുടങ്ങി ഇരകള്‍ക്ക് നേരെ ചോദ്യശരങ്ങള്‍ എയ്യുന്നവര്‍ വേട്ടക്കാരെപ്പറ്റി പൂര്‍ണ്ണമായും നിശബ്ദരാണ്.
കൂട്ട  ബലാല്‍സംഗത്തെക്കുറിച്ച് ഇവരുടെ പ്രതികരണം ആരെയും ഞെട്ടിപ്പിക്കുന്നതാണ്  :
 "പെണ്‍കുട്ടിക്ക് കൂട്ടത്തില്‍ ഒരാളോടെങ്കിലും സഹകരിക്കാമായിരുന്നുവല്ലോ...!"

നിയമപാലകരുടെ സ്ത്രീ വിരുദ്ധതയുടെ ആഴം വെളിപ്പെടുത്തുന്ന വീഡിയോ ചുവടെ


ഇത്തരം മാനസികാവസ്ഥയിലുള്ള നിയമപാലകര്‍ ഉള്ളിടത്തോളം കാലം എങ്ങനെ നമ്മുടെ സ്ത്രീ സുഹൃത്തുക്കള്‍ക്ക്  മാന്യമായി വഴിനടക്കാന്‍ കഴിയും...?

അവര്‍ക്ക് ഒരു കഠാര സമ്മാനിച്ചാലോ ..?


Sunday, November 4, 2012

പുറകോട്ടു നടക്കുന്നവർക്ക്

ആണുങ്ങള്‍ക്ക് കസവ് മുണ്ടും പെണ്ണുങ്ങള്‍ക്ക്‌ സെറ്റ് സാരിയും ഉടുക്കാനുള്ള ഒരു ദിവസം കൂടി- കേരളപ്പിറവി ദിനം- കടന്നു പോയി. മുണ്ടുടുക്കുന്ന രീതി നോക്കി മതവും ജാതിയും തിരിച്ചറിയുന്നവരുടെ കാലമാണല്ലോ  ഇത്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ രണ്ടു ഉജ്ജ്വല നക്ഷത്രങ്ങള്‍- ശ്രീ നാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് ഒരേട് ആണ് താഴെ കൊടുത്തിരിക്കുന്നത്‌. കടന്നു വന്ന വിപ്ലവങ്ങള്‍ എല്ലാം വിസ്മരിച്ചു  പുറകോട്ടു നടക്കുന്നവര്‍ക്ക് ഇതൊരു ഓര്‍മ്മപ്പെടുത്തലാകട്ടെ  .. 
ഗുരു 
 
ശ്രീ നാരായണ ഗുരു:  അയ്യപ്പന്‍ , ഡോക്ടര്‍ ( പല്‍പ്പു)  മതം മാറണമെന്ന് പറയുന്നല്ലോ.
അയ്യപ്പന്‍: മതം മാറണമെന്ന് ചിലര്‍ക്കെല്ലാം അഭിപ്രായമുണ്ട്
ശ്രീ: മനുഷ്യന്‍ നന്നായാല്‍ പോരായോ.? മതം മാറ്റം അതല്ലേ? അല്ലാതുള്ള മാറ്റമാണോ എല്ലാവരും പറയുന്നത്?
അയ്യപ്പന്‍:മനുഷ്യന്‍ നന്നാവാനുള്ള മാര്‍ഗങ്ങള്‍ അധികം കാണുന്നത് ബുദ്ധ മതത്തില്‍ ആണ്.
ശ്രീ: ബുദ്ധ മതക്കാര്‍ എല്ലാം നല്ല മനുഷ്യര്‍ ആണോ? മല്‍സ്യം തിന്നുന്നവരും കള്ളുകുടിക്കുന്നവരും അസമത്വമാചരിക്കുന്നവരും ധാരാളമുണ്ടെന്നു നാം അറിയുന്നു
അയ്യപ്പന്‍: ഇപ്പോഴുള്ള ബുദ്ധ മതക്കാരില്‍ നല്ലവര്‍ വളരെക്കുറയും എന്നുവേണം പറയാന്‍.
ശ്രീ: അങ്ങനെയാണോ ? നാമും അത് കേട്ടു. ബുദ്ധ സന്യാസികള്‍ കിട്ടുന്നതെല്ലാം ഭക്ഷിക്കണം. മാംസമായാലും തിന്നും, കൊടുക്കുന്നതോന്നും വേണ്ടെന്നു പറയാന്‍ പാടില്ല .ഇല്ലേ ? അങ്ങനെ മാംസത്തിനു രുചി പിടിച്ച്  അത്യധികം ഇഷ്ടമാകും. ആളുകള്‍ ഇഷ്ടം നോക്കി മാംസം തന്നെ കൊടുക്കും. ഇത് നല്ലതാണോ?
അയ്യപ്പന്‍:ഇടക്കാലത്ത് ബുദ്ധമതവും ദുഷിച്ചു. എങ്കിലും മനുഷ്യന്‍ നന്നാവാന്‍ ബുദ്ധന്റെ ഉപദേശങ്ങളോളം നല്ല ഉപദേശമില്ല
ശ്രീ: ക്രിസ്തുവിന്‍റെ ഉപദേശം നന്നല്ലേ? മുഹമ്മദ്‌ നബിയുടെ ഉപദേശവും കൊള്ളാമല്ലോ. ആ മതക്കാരില്‍ പെട്ട എല്ലാവരും യോഗ്യരാണോ? അപ്പോള്‍ മതമേതായാലും മനുഷ്യന്‍ നന്നാവാന്‍ ശ്രമിച്ചു കൊണ്ടിരിക്കണം. അല്ലെങ്കില്‍ അധ:പതിക്കും. പ്രവൃത്തി ശുദ്ധമായിരിക്കണം. വാക്കും വിചാരവും ശുദ്ധമായിരിക്കണം. ഈ മൂന്നു വിധത്തിലും തെറ്റുകള്‍ വരരുത്. തെറ്റുകള്‍ വന്ന ശേഷം ഹേ ! തെറ്റിപ്പോയല്ലോ എന്ന് തിരുത്താന്‍ സംഗതി വരാത്ത വണ്ണം മനസ്സ് ശുദ്ധമായിരിക്കണം. അതാണ്‌ ജീവന്‍ മുക്താവസ്ഥ.
അയ്യപ്പന്‍: ബുദ്ധ മതക്കാര്‍ അതിനു നിര്‍വാണം എന്ന് പറയുന്നു.
ശ്രീ: അങ്ങനെയാണോ? ആയിരിക്കാം. ജാതി മനുഷ്യരില്‍ കയറി മൂത്തുപോയി. ശങ്കരാചാര്യരും അതില്‍ തെറ്റുകാരന്‍ ആണ്. ബ്രഹ്മസൂത്രവും ഗീതയും എഴുതിയ വ്യാസന്‍ തന്നെ ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് രണ്ടിടത് രണ്ടു വിധം പറഞ്ഞിരിക്കുന്നു. ജാതി കളയണം,അല്ലാതെ രക്ഷയില്ല. മനുഷ്യരെല്ലാം ഒരു സമുദായമാണല്ലോ. ആ നില വരത്തക്ക വിധം ജാതിയെ ഉപേക്ഷിക്കണം. മതം മാറ്റത്തെപ്പറ്റി കുമാരനാശാന്റെ അഭിപ്രായം എന്താണ്?
അയ്യപ്പന്‍: സ്വാമി തൃപ്പാദങ്ങളുടെ അഭിപ്രായമറിയാതെ മതം മാറുന്നത് സ്വാമിയെ പ്രത്യക്ഷത്തില്‍ അവഗണിക്കുന്നതായിരിക്കുമെന്നാണ് ആശാന്റെ അഭിപ്രായം.
ശ്രീ: അങ്ങനെയാണോ?
അയ്യപ്പന്‍: ഈ സംഗതിയില്‍ സ്വാമിയുടെ അഭിപ്രായം പ്രത്യേകം അറിയണമെന്നാണ് ആശാന് പറയുന്നത്.
ശ്രീ: നമ്മുടെ അഭിപ്രായം ഇതുവരെ അറിഞ്ഞിട്ടില്ലേ ? അയ്യപ്പനറിയാമോ നമ്മുടെ അഭിപ്രായം.
അയ്യപ്പന്‍: അറിയാം. തൃപ്പാദങ്ങള്‍ക്ക് ഒരു മതത്തോടും വെറുപ്പില്ല. മനുഷ്യന്റെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവര്‍ തമ്മില്‍ ഒരു സമുദായമായി കഴിയണമെന്നാണ് സ്വാമിയുടെ അഭിപ്രായം എന്നറിയാം.
ശ്രീ: അതാണ്‌ നമ്മുടെ അഭിപ്രായം. മതം എന്ന് വച്ചാല്‍ അഭിപ്രായം. അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിയാം. ജാതിഭേദം വരരുത്. അതാണ്‌ വേണ്ടത്. അത് സാധിക്കും. സത്യവ്രതനെ നോക്ക്. (സത്യവ്രത സ്വാമിയെപ്പറ്റി) സത്യവ്രതന് അശേഷം ജാതിയില്ല ഉണ്ടോ?
അയ്യപ്പന്‍: സത്യവ്രതസ്വാമിക്ക് അശേഷം ജാതിയില്ല.
ശ്രീ: നമുക്കാര്‍ക്കും അത്ര ജാതി പോയിട്ടില്ലെന്നു തോന്നുന്നു. ബുദ്ധനുകൂടി ഇത്ര ജാതി പോയിരുന്നോ എന്ന് നമുക്ക് സംശയമാണ്. സത്യവ്രതന് അത്ര വ്യത്യാസമില്ലാത്ത ആളാണ്‌. അങ്ങനെ ജീവിക്കാമല്ലോ.? അവര്‍ക്ക് ജാതിയില്ല.
അയ്യപ്പന്‍:തീയര്‍ മതം മാറുന്നു എന്ന് കേട്ട് സ്വാമിയോട് മറ്റുള്ളവര്‍ക്കെല്ലാം വളരെ ബഹുമാനമായിരിക്കുകയാണ്.
ശ്രീ: (ചിരിച്ചു കൊണ്ട്) അത് കൊള്ളാം, ബഹുമാനമുണ്ടാകുമല്ലോ.
അയ്യപ്പന്‍: ചിലര്‍ ചോദിക്കുന്നു, എന്തിനു മതം മാറുന്നു ? നമുക്ക് നാരായണ മതം പോരായോ? എന്ന്.
ശ്രീ: അതെന്തിന്? അവരവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടല്ലോ. മതം ഏതുമാകട്ടെ.
അയ്യപ്പന്‍: സ്വാമിയുടെ മുമ്പേയുള്ള അഭിപ്രായം അതാണ്‌.
ശ്രീ: നമുക്കിപ്പോഴുള്ള അഭിപ്രായവും അതുതന്നെ. മതം മാറണമെന്നു തോന്നിയാല്‍ ഉടനെ മാറണം. അതിനു സ്വാതന്ത്ര്യം വേണം. മതം മാറുകയും പുറകേ കള്ളം പറയുകയും ചെയ്യുന്നത് കഷ്ടവും പാപവും ആണ്. മതം ഓരോരുത്തരുടെയും ഇഷ്ടം പോലെയായിരിക്കും. അച്ഛന്റെ മതമല്ലായിരിക്കും മകനിഷ്ടം. മനുഷ്യന് മത സ്വാതന്ത്ര്യം വേണ്ടതാണ്. അതാണ്‌ നമ്മുടെ അഭിപ്രായം. നിങ്ങളൊക്കെ അങ്ങനെ പറയുമോ?
അയ്യപ്പന്‍: പറയുന്നുണ്ട്. ഞാന്‍ ഈയിടെ ഒരു ആധാരത്തില്‍ ‘ബുദ്ധമതം ‘ എന്നു ചേര്‍ത്തു.
ശ്രീ: (ചിരിച്ചു കൊണ്ട്) ജാതി എഴുതിയില്ല അല്ലേ ? അത് കൊള്ളാം ജാതി വരരുത്: ഒരിടത്തും ജാതി ഉണ്ടായിരിക്കരുത്. മനുഷ്യന്‍ ഒരു ജാതിയായി ജീവിക്കണം. ഈ അഭിപ്രായം എല്ലായിടത്തും പരക്കണം. മനുഷ്യന്‍ ഒരു ജാതി. അതാണ്‌ നമ്മുടെ മതം.
 
 *********************************************************************************

വിവേകോദയം മാസികയില്‍ പ്രസിദ്ധീകരിച്ചത്‌.
വിവേകോദയത്തില്‍ വന്ന അഭിമുഖത്തില്‍ ശ്രീ നാരായണ ഗുരു എന്നതിന് പകരം “സ്വാമി തൃപ്പാദങ്ങള്‍” എന്നാണ് ഉപയോഗിച്ചിട്ടുള്ളത്.
 
നന്ദി: കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍