Friday, April 27, 2012

ആയിരമുണ്ണികനികള്‍ക്ക് തൊട്ടിലും താരാട്ടുമായ്


ഏപ്രില്‍ ഇരുപത്തി രണ്ട്  , ഭൌമ ദിനം.

വലിയ ആരവങ്ങള്‍ ഒന്നുമില്ലാതെ , ഒരു മരം പോലും വച്ചു പിടിപ്പിക്കാതെ, തിരക്കിനിടയില്‍ അതങ്ങ് കടന്നു പോയി.


ബൊളീവിയ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു പക്ഷെ ചെഗുവേരയുടെ മുഖമായിരിക്കും നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് .ഇപ്പോള്‍ നമ്മള്‍ ബൊളീവിയയെ പരിചയപ്പെടാന്‍ പോകുന്നതും തികച്ചും വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു കാര്യവുമായി ബന്ധപ്പെട്ടാണ് .  പ്രകൃതി ചൂഷണത്തിനും,വനനശീകരണത്തിനും വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള  കുടിയൊഴിക്കലിനും,  എതിരെയുള്ള സമരങ്ങള്‍ക്ക്  പുറന്തിരിഞ്ഞു നില്‍ക്കുകയോ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്യുക എന്നത് (ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ) ഇന്ത്യയടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ക്ക് പതിവ് ശീലമായിക്കഴിഞ്ഞിരിക്കുകയാണ് . എന്നാല്‍ ഭൂമിമാതാവിനും  അതിലെ ഓരോ ജീവ കണത്തിനും ചില അവകാശങ്ങള്‍ ഉണ്ടെന്നു തിരിച്ചറിയുകയും അവയുടെ അവകാശ സംരക്ഷണത്തിന് വേണ്ടി നിയമം (Act of the Rights of Mother Earth ) പാസ്സാക്കുകയും ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം എന്ന രീതിയില്‍ ശ്രദ്ധ നേടിയിരിക്കുന്നു ബൊളിവിയ. ഭൂമിയെ അമ്മയും ദേവിയുമായി ആരാധിക്കുന്ന കൂട്ടത്തിലാണ് ബൊളീവിയക്കാർ . ഭൂമിയെ ഭൂമാതാവ് എന്ന് മാത്രം വിളിക്കാനിഷ്ടപ്പെടുന്നവര്‍- പച്ചാമാമ അഥവാ അമ്മഭൂമി  (Pachamama) എന്നാണ് അവർ ഭൂമിയെ വിളിക്കുന്നത്.

ഈവോ മൊറൈല്‍സ്
കോളനിവല്‍ക്കരണത്തിന്റെയും , അതില്‍ നിന്നു സ്വതന്ത്രയായതിനു ശേഷം  വന്ന ഭരണകൂടങ്ങളുടെ വ്യവസായ/മുതലാളിത്ത/കമ്പോള വല്‍ക്കരണത്തിന്റെയും കൂടപ്പിറപ്പായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഒരുപാട് അനുഭവിക്കേണ്ടി വന്ന ഒരു പ്രദേശമാണ് ബൊളീവിയ. ടിന്‍, സ്വര്‍ണം, വെള്ളി ഖനനത്തിന്റെ ദൂഷ്യ ഫലങ്ങള്‍ വേറെയും. ഉയരുന്ന അന്തരീക്ഷ ഊഷ്മാവ്, ഗ്ലെഷ്യറുകളിലെ    മഞ്ഞുരുകല്‍, അടിക്കടിയുണ്ടാകുന്ന വരള്‍ച്ചയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടങ്ങി നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൊണ്ടു വലഞ്ഞിരിക്കുകയാണ് ബൊളീവിയ. ഒരു പക്ഷെ ഇത് തന്നെയായിരിക്കണം പൊതുവേ പരിസ്ഥിതി, സോഷ്യലിസ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഈവോ മൊറൈല്‍സ്   ഭരണകൂടത്തിനെ ഇത്തരമൊരു വിപ്ലവകരമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് . "പച്ചമാമ"യുടെ ആത്മാവ് തൊട്ടറിഞ്ഞ തദ്ദേശ ഗോത്രവര്‍ഗത്തില്‍ നിന്നുമുള്ള ആദ്യത്തെ ബൊളീവിയന്‍ രാഷ്ട്ര തലവന്‍ ആണല്ലോ  ഈവോ മൊറൈല്‍സ്.

നിയമം അനുസരിച്ച്  ഭൂമാതാവ്  എല്ലാ ജീവജാലങ്ങളെയും ഊട്ടി വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്ന അമ്മയാണ്, പവിത്രവും ഉര്‍വ്വരവുമായ ജീവന്റെ ഉറവിടമാണ്...(She is sacred, fertile and the source of life that feeds and cares for all living beings in her womb.She is in permanent balance, harmony and communication with the cosmos. She is comprised of all ecosystems and living beings, and their self-organisation.")  അവള്‍ക്കും ചില അവകാശങ്ങള്‍ ഉണ്ട് . അവ പാലിക്കപ്പെടെണ്ടതു   ഓരോ ജീവജാലത്തിന്റെയും  കടമയാണ് , നില നില്‍പ്പിന്റെ പ്രശ്നവുമാണ്.

നിയമം അനുശാസിക്കുന്ന അവകാശങ്ങളില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു

1. To life: നില നില്‍പ്പിനു വേണ്ടിയുള്ള അവകാശം ( The right to maintain the integrity of living systems and natural processes ) ജൈവവ്യൂഹത്തെയും പ്രകൃതിപ്രക്രിയകളേയും കാത്തുരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള അവകാശം
2. To the diversity of life: ജൈവവൈവിധ്യ  സംരക്ഷണത്തിനുള്ള അവകാശം ( Preservation of differentiation and variety of beings that make up Mother Earth, without being genetically altered or structurally modified in an artificial way, so that their existence, functioning or future potential would be threatened. ജൈവവൈവിധ്യത്തെ കൃത്രിമ മാർഗ്ഗങ്ങളിലൂടെയുള്ള ജനിതകപരിവർത്തനത്തിൽ നിന്നും ഘടനാപരമായ നവീകരണത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള അവകാശം
3. To water: ജല സംരക്ഷണത്തിനുള്ള അവകാശം  The right to preserve the functionality of the water cycle.  ജലം നിരവഹിക്കുന്ന ജൈവ ധര്മത്തിന്റെ സംരക്ഷണവും ജലം മലിനമാകാതെയുള്ള സംരക്ഷണവും
4. To clean air: വായുവിന്റെ ഘടനയും ഗുണവും സംരക്ഷിക്കുന്നതിനുള്ള അവകാശം  The right to preserve the quality and composition of air for sustaining living systems
5. To equilibrium:ജൈവ പ്രക്രിയകളുടെ തുടര്‍ച്ച നില നിര്‍ത്താനായി  ഭൌമഘടകങ്ങളുടെ പരസ്പരബന്ധം, പരസ്പരാശ്രിതത്വം, പരസ്പര സഹായം, പ്രവർത്തനക്ഷമത എന്നിവ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിനും പരിപാലിക്കുന്നതിനും ഉള്ള അവകാശം.
6. To restoration: The right to timely and effective restoration of living systems affected by human activities directly or indirectly. ( മനുഷ്യന്റെ പ്രത്യക്ഷവും പരോക്ഷവുമായ പ്രവര്‍ത്തികള്‍ മോശമായി ബാധിച്ച ജീവ ജാലങ്ങളുടെ സമയോചിതവും ഫല പ്രദവുമായ പുനരുജ്ജീവനം )
7. To pollution-free living:
ഭൂമിയുടെ നൈര്‍മല്യം കാത്തു സൂക്ഷിക്കാനുള്ള അവകാശം. 

അമ്മ ഭൂമിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനു ചില അടിസ്ഥാന തത്വങ്ങള്‍ പാലിക്കപ്പെടെണ്ടത് അത്യാവശ്യമാണ് എന്നും നിയമം ഓര്‍മ്മിപ്പിക്കുന്നു.
  1. മനുഷ്യന്റെ പ്രവര്‍ത്തങ്ങളും  ഭൂമിയുടെ/ പ്രകൃതിയുടെ  തനത്  പ്രവര്‍ത്തനങ്ങളും തമ്മിലുള്ള സന്തുലനാവസ്ഥ പരിപാലിക്കുക
  2. വരും തലമുറയുടെ നില നില്‍പ്പിനു വേണ്ടി അമ്മഭൂമിയുടെ അവകാശങ്ങളെ ബഹുമാനിക്കുകയും, സംരക്ഷിക്കുകയും മാത്രമല്ല അവ പാലിക്കപ്പെടുന്നു എന്നുറപ്പ് വരുത്തുകയും ചെയ്യുക.
  3. ജൈവ പ്രകൃതിയെ വാണിജ്യ വല്ക്കരിക്കാതിരിക്കുക.
  4. ഉല്‍പ്പാദന/ ഉപഭോഗ പ്രക്രിയകളില്‍ ലാഭം കൊയ്യാനുള്ള ആവേഗത്തിനിടയില്‍ അമ്മ ഭൂമിയുടെ അവകാശങ്ങളെ വിസ്മരിക്കാതിരിക്കുക
  5. പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കുക.
  6. ഭൂ മാതാവിന്റെ അവകാശ സംരക്ഷണത്തില്‍ സാമൂഹ പങ്കാളിത്തം ഉറപ്പു വരുത്തുക..

നിയമത്തിന്റെ ഉള്ളടക്കം പരക്കെ സ്വീകരിക്കപ്പെട്ടുവെങ്കിലും നിയമം ഫലപ്രദമായി നടപ്പിലാക്കുന്നത്  സംബന്ധിച്ച് ചില സംശയങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. ഖനന വ്യവസായത്തെ ഗണ്യമായ തോതിൽ ആശ്രയിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് ബൊളീവിയയുടേത്. രണ്ടായിരത്തി പത്തില്‍ ബൊളീവിയയുടെ കയറ്റുമതിയുടെ എഴുപത് ശതമാനവും ധാതുദ്രവ്യങ്ങൾ, എണ്ണ-പ്രകൃതി വാതകങ്ങൾ എന്നിവയായിരുന്നു. ഭൂമാതാവിന്റെ അവകാശങ്ങള്‍ ഏറ്റവും കൂടുതല്‍ ഹനിക്കപ്പെടുന്ന ഒരു മേഖലയാണ് ഖനന വ്യവസായം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍  രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള  എണ്ണ, ധാതു  ഖനന  വ്യവസായങ്ങളെയെല്ലാം  ദേശ  സാല്‍ക്കരിച്ചതിലൂടെ പ്രകൃതി സംരക്ഷണത്തിനുള്ള ബാധ്യത/ അവകാശം/ കടമ സര്‍ക്കാരിന്റെ ഭാഗത്ത്‌ തന്നെ നില നിര്‍ത്തിയത്  അഭിനന്ദനീയം തന്നെയാണ്. കുത്തക വ്യവസായികളുടെ ശക്തമായ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലാണിത് എന്നോര്‍ക്കണം. ഇങ്ങനെയൊരു നിയമം നടപ്പിലാക്കുക എന്നത് തീര്‍ച്ചയായും വളരെ പ്രയാസമുള്ള കാര്യമാണ്. പക്ഷെ വെറും സാന്നിധ്യം കൊണ്ടു മാത്രം തന്നെ ഈ നിയമത്തിനു പലതും ചെയ്യാന്‍ കഴിയുമെന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തെളിഞ്ഞിട്ടുണ്ട്  . ഏറെ പ്രതിഷേധങ്ങള്‍ക്ക്  വഴിവെച്ച ആമസോണ്‍   നദീതടത്തിലൂടെയുള്ള ഹൈവേ  നിര്‍മ്മാണ  പ്രക്രിയകള്‍ റഫറണ്ടം നടത്തിയതിനു ശേഷം മാത്രം തുടങ്ങിയാല്‍ മതി എന്ന്  മോറെല്‍സിനെക്കൊണ്ട്  തന്നെ തീരുമാനം എടുപ്പിക്കുന്നതില്‍  ഈ നിയമത്തിന്റെ സാന്നിധ്യം  തീര്‍ച്ചയായും സ്വാധീനിച്ചിട്ടുണ്ട്.

നിയമം വികസന വിരുദ്ധമാണ്  എന്നതാണ് ഇതിനെതിരെ ഉയര്‍ന്നിട്ടുള്ള പ്രധാന വിമര്‍ശനം. പഴഞ്ചന്‍ സങ്കല്‍പ്പങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതല്ലാതെ പുതുതായൊന്നും പറയുന്നില്ല  എന്നാണു   ആധുനികതാ വാദികളുടെ എതിര്‍പ്പിനു കാരണം . എന്നാല്‍ പലപ്പോഴും, വിമര്‍ശകരുടെ അങ്ങേയറ്റത്ത്‌  അവരെക്കൊണ്ടങ്ങനെ പറയിപ്പിക്കുന്നത്  ആരാണെന്ന് അന്വേഷിച്ചു ചെന്നാല്‍ കാണുന്ന കാഴ്ച കൌതുക കരം ആയിരിക്കും.  പ്രബലരായ ഖനന,കാർഷിക,വ്യവസായ, കമ്പോള ശക്തികൾ  ഈ നിയമത്തിനെതിരെ അതിശക്തമായ ചെറുത്തുനിൽപ്പ് നടത്തുന്നതില്‍ അതിശയിക്കാന്‍ എന്തിരിക്കുന്നു..! വര്‍ധിച്ചു വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും അനുബന്ധ കെടുതികള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാന്‍  സാങ്കേതിക വിദ്യകള്‍ക്ക്  കഴിയാതെ പോകുന്നത് ആധുനികതാ വാദികളുടെ വായടിപ്പിക്കുന്നുണ്ട്.

ആധുനികതാ വാദികള്‍ പറയുന്നത് ശരിയാണ്. ഈ നിയമം ഒരു പുതിയ കാര്യമൊന്നുമല്ല, അതാവശ്യപ്പെടുന്നത്  വളരെ പഴയ ഒരു കാര്യമാണ് -  "പെറ്റമ്മയെ  പുറങ്കാല് കൊണ്ടു  തൊഴിക്കരുത് ."
***********************************************************************************
നിയമത്തിന്റെ  സ്പാനിഷ്‌  ഭാഷയിലുള്ള മൂല രൂപത്തിന്റെ ഇംഗ്ലീഷ് പരിഭാഷയെ അധികരിച്ചെഴുതിയതാണ് ലേഖനം.
വിവര ശേഖരണത്തിന് കടപ്പാട് : ദി ഗാര്‍ഡിയന്‍ , പച്ചമാമ അലയന്‍സ് ,Protect Our Manoomin