Wednesday, June 20, 2012

അജ്ഞതയുടെ കുന്നുകള്‍

പത്ര പ്രവര്‍ത്തകന്‍ എന്ന്  പറഞ്ഞാല്‍ തന്റെ ഓഫീസില്‍ 'കവറില്‍ ഇട്ടെത്തിക്കുന്ന' വിവരങ്ങളെ   പത്ര മുതലാളികളുടെയും   അധികാരി വര്‍ഗത്തിന്റെയും   താല്പര്യങ്ങള്‍ക്കനുസരിച്ചു അല്ലെങ്കില്‍  മാര്‍ക്കറ്റ്    അനുസരിച്ച്  എരിവും പുളിവും ഭാവനയും  ചേര്‍ത്ത് വാര്‍ത്തകള്‍ പടച്ചു  വിടുന്നയാള്‍   എന്ന്  ഇന്നത്തെ  കാലത്ത്  ആരെങ്കിലും  സംശയിച്ചാല്‍  അതിനെ  തെറ്റ്  പറയാന്‍  കഴിയുമോ ..? ഒരു  ദിവസം   എഴുതിപ്പിടിപ്പിച്ചതിനെല്ലാം  വിപരീതമായി  അടുത്ത   ദിവസം  തന്നെ  ഉളുപ്പില്ലാതെ എഴുതിക്കളയുന്നവര്‍  ആണല്ലോ  നമ്മുടെ നാട്ടിലെ പല  പത്ര പ്രവര്‍ത്തകരും... എന്നാല്‍ ഇതിനെല്ലാം ചില അപവാദങ്ങളും ഇല്ലേ ? നേര് തേടിയുള്ള യാത്രയില്‍ സ്വന്തം ജീവന്‍  പോലും ബലികഴിക്കാന്‍ മടിയില്ലാത്തവര്‍...!  അങ്ങനെ ചിലരുടെ സാന്നിധ്യം കൊണ്ടല്ലേ  മാധ്യമ പ്രവര്‍ത്തനം ഇന്നും ഇവിടെ വെറും  ഒരു ജോലിഎന്നതിനുപരി ഒരു സാമൂഹ്യ പ്രവര്‍ത്തനം എന്ന നിലയില്‍ കണക്കാക്കപ്പെടുന്നത്. . ..?

ഭരണകൂടവും മുഖ്യധാര മാധ്യമങ്ങളും പറഞ്ഞു പരത്തിയ ഛത്തിസ്‌ഗഢ് ലെ   അബുജ് മാഢ് ( Abujmarh) എന്ന  "നക്സല്‍ ഭീകര" ഗ്രാമത്തിന്റെ സത്യാവസ്ഥ തേടിയിറങ്ങിയതായിരുന്നു  തെഹെല്‍ക ലേഖിക തുഷ മിത്തലും ഫോട്ടോ ജേര്‍ണലിസ്റ്റ് തരുണ്‍ സെഹ് റാവത്തും. നക്സല്‍ ഭീകര ഗ്രാമത്തെ ക്കുറിച്ച്  മറ്റാരും പറയാത്ത  ഞെട്ടിക്കുന്ന വിവരങ്ങളാണ് അവര്‍ പുറത്തു കൊണ്ട് വന്നത് എന്നാല്‍ ഈ യാത്രക്കിടയില്‍    ഫോട്ടോ ജേര്‍ണലിസ്റ്റ് തരുണ്‍ സെഹ് റാവത്തിനു  നഷ്ടമായത് സ്വന്തം ജീവനാണ്.
അബുജ് മാഢ് :  തരുണ്‍ പകര്‍ത്തിയ ചിത്രം 

രാജ്യത്തെ ആദ്യത്തെ "മാവോയിസ്റ്റ് ലിബറേറ്റഡ്  സോണ്‍" ആണ്
ഛത്തിസ്‌ഗഢ് ലെ  അബുജ് മാഢ് എന്നാണു സര്‍ക്കാരും മുഖ്യധാര മാധ്യമങ്ങളും ഇത് വരെ നമുക്ക് പറഞ്ഞു തന്നിട്ടുള്ളത്. ഇവിടെ നിയമങ്ങള്‍ നടപ്പിലാക്കുന്നത്  "മാവോയിസ്റ്റ് സര്‍ക്കാരുകള്‍" ആണത്രേ. ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്  തടസ്സം നില്‍ക്കുകയാനത്രേ മാവോയിസ്റ്റുകള്‍..!   ഇക്കഴിഞ്ഞ മാര്‍ച്ച് 10 നും 17 നും ഇടക്ക്  CRPF ഉം അവരുടെ തന്നെ പ്രത്യേക സംഘമായ കോബ്രയും , സംസ്ഥാന സര്‍ക്കാരിന്റെ വലിയ ട്രൂപ്പും ചേര്‍ന്ന്  അബുജ് മാഢ്ല്‍ ഓപ്പറേഷന്‍ ഹക്ക എന്ന പേരില്‍ വലിയൊരു സൈനിക " മുന്നേറ്റവും " നടത്തി. പന്ത്രണ്ടോ പതിമൂന്നോ എന്‍ കൌണ്ടെരുകള്‍ക്ക് ശേഷം പതിമൂന്നു പേരെ അറസ്റ്റു ചെയ്യുകയും ഒരു പ്രിന്‍റര്‍ പിടിച്ചെടുക്കുകയും ചെയ്തു. ( നക്സലുകളുടെ കയ്യില്‍ നിന്ന് ലാപ് ടോപ്‌ പിടിച്ചെടുക്കാനായില്ല , എങ്കിലും ഇങ്ക് ജെറ്റ് പ്രിന്‍റര്‍ കിട്ടിയത് വലിയ കാര്യമാണെന്ന് പൊലിസ് സൂപ്രണ്ട്  മായങ്ക്   ശ്രീവാസ്തവ് ..! ) ഓപ്പറേഷന്‍ ഹക്കയുടെ നേട്ടങ്ങളെക്കുറിച്ചോ  , നാശനഷ്ടങ്ങളെക്കുറിച്ചോ യഥാര്‍ത്ഥ ചിത്രം ഇതുവരെ ലഭ്യമല്ല.

ഓപ്പറേഷന്‍ ഹക്ക കഴിഞ്ഞു ഒരു മാസം കഴിഞ്ഞാണ് തെഹല്‍ക ലേഖിക തുഷ മിത്തലും
തുഷ മിത്തല്‍
ഫോട്ടോഗ്രാഫര്‍ തരുണ്‍ സെഹ് റാവത്തും തങ്ങളുടെ യാത്ര തുടങ്ങുന്നത്. പന്ത്രണ്ടു ബിസ്ലേരി വാട്ടര്‍ ബോട്ടിലുകളും കുറച്ചു മാഗി നൂടില്‍സ് പാക്കറ്റുകളും    ബിസ് കുറ്റുകളും അടങ്ങുന്ന ഒരു ഭക്ഷണപ്പൊതിയുമെടുത്തു കൊണ്ടു അവര്‍ യാത്ര തുടങ്ങി.
ഇനി വരാന്‍ പോകുന്ന ദിനങ്ങളില്‍ അവരെ കാത്തിരിക്കുന്നത് എന്താണെന്ന് ഒരു രൂപവുമില്ലായിരുന്നു.

തികച്ചും കൌതുക കരമായ വിശേഷങ്ങളുമായാണ്  അബുജ് മാഢ്  അവരെ വരവേറ്റത് . ഇന്ത്യന്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ ഏറ്റവും  ക്രൂരവും പൈശാചികവുമായ അടിച്ചമര്ത്തലുകളുടെ കഥകള്‍ അവര്‍ കേട്ടു, എന്നാല്‍ ബദല്‍ സംവിധാനം എന്ന രീതിയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന മാവോയിസ്റ്റു ഭരണകൂടവും ആശാവഹമല്ല. മെച്ചപ്പെട്ട ചികിത്സ തേടി നഗരത്തില്‍ പോകുന്നവരെപ്പോലും അവര്‍ സംശയത്തിന്റെ കണ്ണുകളിലൂടെയാണ് നോക്കുന്നത്. അവരെപ്പേടിച്ചു സോനു എന്ന ഒരു യുവാവ്  ഓപ്പറേഷന്‍ ഹക്കയില്‍ കൊണ്ട വെടിയുണ്ടയും പേറിയാണ്  ഇപ്പോഴും ജീവിക്കുന്നത്.  ഈ ഗ്രാമങ്ങളിലൂടെയുള്ള യാത്രയില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇവിടെ വായിക്കാം.

കൊട്ടി ഘോഷിക്കപ്പെടുന്ന വികസനത്തിന്റെ നേരിയ രേഖകള്‍ പോലും കടന്നു ചെന്നിട്ടില്ലാത്ത ഗ്രാമങ്ങളിലെ ഒറ്റയടിപ്പാതകളിലൂടെയും  ഇടുങ്ങിയ കാട്ടു വഴികളിലൂടെയും അവര്‍ നടന്നു. കയ്യിലുള്ള
തരുണ്‍ സെഹ് റാവത്ത് 
ഭക്ഷണപ്പൊതികളും വെള്ളവും തീര്‍ന്നു തുടങ്ങിയെങ്കിലും യാത്ര മതിയാക്കാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു, അല്ലെങ്കിലും ബുദ്ധിമുട്ടുകള്‍ കണ്ടയുടനെ തിരിച്ചു പോരാന്‍ അവര്‍ ഉല്ലാസയാത്ര നടത്താന്‍ പോയ ടൂറിസ്റ്റുകള്‍ അല്ലായിരുന്നുവല്ലോ. കാലികളും മനുഷ്യരും  കുളിക്കുകയും കുടിക്കുകയും ചെയ്യുന്ന ചോലകളില്‍ നിന്നുള്ള വെള്ളം തന്നെ അവരും കുടിക്കാന്‍  തുടങ്ങി. വെള്ളം തിളപ്പിച്ചു കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ പല നിറത്തിലെ ഊറലുകള്‍ അടിയുന്ന ഒരു ദ്രാവകമാണെത്രേ അവര്‍ക്ക് കിട്ടിയത് . എങ്കിലും അവിടെയുള്ള മനുഷ്യര്‍ ഉപയോഗിക്കുന്നത് അതേ വെള്ളം തന്നെയാണല്ലോ. മലേറിയ പരത്തുന്ന കൊതുകുകള്‍ അവര്‍ക്ക് താരാട്ട് പാടി. അവിടെയുള്ള കുഞ്ഞുങ്ങള്‍ എന്നും ഉറങ്ങുന്നത് ആ താരാട്ട് കേട്ടാണല്ലോ..! എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും സ്ഥിതി വഷളായിതുടങ്ങി.  ഇരുപത്തിയേഴുകാരിയായ തുഷക്ക് പനിയും ആമാശയ അണുബാധയും ഉണ്ടായി .എന്നാല്‍ ഇരുപത്തി രണ്ടുകാരന്‍ തരുണിനു  സെറിബ്രല്‍ മലേറിയ  , മഞ്ഞപ്പിത്തം , ടൈഫോയിഡ്  എന്നിവയുടെ കൂട്ട ആക്രമണമാണ്  നേരിടേണ്ടി വന്നത് . രണ്ടാഴ്ചത്തെ ചികില്‍സക്കൊടുവില്‍ തുഷ ആരോഗ്യം വീണ്ടെടുത്തു. തരുണ്‍ സുഖം പ്രാപിക്കുന്നതായും  ബോധം വീണെടുത്ത വേളയില്‍ അവന്‍ കാമറ ചോദിച്ച് കൈ നീട്ടിയെന്നും തെഹല്‍ക്കയുടെ മാനേജിംഗ് എഡിറ്റര്‍ ഷോമ ചൌധരി ഇടക്കൊന്നു സന്തോഷം പങ്കുവെച്ചു. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന്  തരുണ്‍ അന്തരിച്ചു. മകന്റെ ശരീരം വൈദ്യവിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു നല്‍കാന്‍ ഒരുക്കമായിരുന്നു അച്ഛന്‍ രണ്‍ബീര്‍ സെറാവത്ത്. സഹോദരന്‍ അരുണ്‍ സെറാവത്ത് തെഹല്‍കയിലെ ഐ ടി വിഭാഗത്തില്‍ ജോലി ചെയ്യുന്നു.

അന്വേഷണാത്മക പത്ര പ്രവര്ത്തകന്  സംഭവിച്ച ഒരു ദുരന്തമായോ , ഒരു അഡ്വഞ്ചര്‍ ജേര്‍ണലിസ് റ്റിന്  സംഭവിച്ച അപകടമായോ തരുണിന്റെ   മരണത്തെ   കാണാന്‍ കഴിയുമോ ? തരുണും തുഷയും ഒരാഴ്ച മാത്രം  ജീവിച്ച സാഹചര്യങ്ങളില്‍ ഒരു ആയുസ്സ് മുഴുവന്‍ ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യന്മാരുണ്ട് , ചികിത്സ പോലും കിട്ടാതെ മരിക്കുന്ന നൂറു കണക്കിന് കുഞ്ഞുങ്ങളുമുണ്ടാവും... വികസനത്തെക്കുറിച്ച് മുക്കിനു മുക്കിനു പ്രസംഗിക്കുന്ന ധന/ഗ്രാമ വികസന മന്ത്രിമാരും, ജനാധിപത്യം പുന: സ്ഥാപിക്കാനെന്ന പേരില്‍ പട്ടാളത്തെ ഇറക്കുന്ന പ്രതിരോധ മന്ത്രിയും,  മാവോയിസ്റ്റുകളുടെ ക്രൂരതയെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന ആഭ്യന്തര മന്ത്രിയും, മുപ്പത്തിയഞ്ചു ലക്ഷം രൂപ ചെലവാക്കി കക്കൂസുകള്‍ മോടിപിടിപ്പിക്കുന്ന പ്ലാനിംഗ് കമ്മീഷനും, സര്‍ക്കാര്‍ പറയുന്ന മാവോയിസ്റ്റു ക്രൂരതകളെക്കുറിച്ച്  പതിപ്പുകള്‍ ഇറക്കുകയും, മാവോയിസ്റ്റ് മേഖലകളിലെ മൈനിംഗ് കമ്പനികളുടെ ഓശാരം പറ്റുകയും , മരണങ്ങളെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ആഘോഷങ്ങള്‍ ആക്കി മാറ്റുകയും ചെയ്യുന്ന മാധ്യമ പ്രഭുക്കളും ഇവിടത്തെ ആയിരങ്ങളുടെ ജീവിതത്തെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകുമോ..? അജ്ഞത/അഹന്തയുടെ    ഇരുട്ട് മൂടിക്കിടക്കുന്ന അവരുടെ ചിന്തകളിലേക്ക് വെളിച്ചം പകരുന്ന വജ്ര ശോഭയാകട്ടെ തരുണിന്റെ രക്ത സാക്ഷിത്വം.
അബുജ് മാഢ് :  തരുണ്‍ പകര്‍ത്തിയ ചിത്രം

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
'ഗോണ്ടി' ഭാഷയില്‍  "അബുജ് മാഢ് "  എന്നാല്‍ "the unknown hills" അല്ലെങ്കില്‍ " അറിയാക്കുന്നുകള്‍ " എന്നാണ് .

തെഹല്‍ക മാനേജിംഗ് എഡിറ്ററുടെ അനുസ്മരണം ഇവിടെ വായിക്കാം
...............................................................................................................................

Friday, June 1, 2012

'കളി'ക്കൂട്ടുകാരന്‍



ഡേവിഡ് ബോളണ്ട്
കേരള കലാമണ്ഡലത്തിലെ മികച്ച കഥകളി ബിരുദ വിദ്യാർത്ഥിക്കായി ഓരോ വര്‍ഷവും നല്‍കുന്ന സ്വര്‍ണ്ണ പതക്കം (സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ വന്ന) ഒരു ബ്രിട്ടീഷ് കാരന്റെ പേരില്‍ ആണെന്നറിയുമോ..?  ഡേവിഡ് ബോളണ്ട്  എന്ന പേര് കേട്ടിട്ടുണ്ടോ ? .കഥകളി എന്ന് കേട്ടിട്ട് പോലുമില്ലാത്ത ഒരു  നാട്ടില്‍ ജനിച്ച ഒരു മനുഷ്യന്‍ കലാരൂപത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും പ്രബന്ധങ്ങള്‍ തയ്യാറാക്കുകയും ചെയ്തിട്ടും , തന്റെ ചലച്ചിത്രങ്ങളിലൂടെ വിവിധ രാജ്യങ്ങളില്‍  അതിനു പ്രചാരം കൊടുക്കുകയും  യൂറോപ്പിലും മറ്റും കഥകളിയുടെ " ബ്രാന്‍ഡ്‌ അംബാസിഡര്‍...!" എന്ന നിലയില്‍ പ്രശസ്തനായിട്ടും നമ്മള്‍, കഥകളിയുടെ സ്വന്തം നാട്ടുകാര്‍ അദ്ദേഹത്തെ അറിയാതെ പോകുന്നത് നീതിയാണോ..? കഥകളി ആദ്യമായി ഡോക്യുമെന്ററി രൂപത്തില്‍ ലോകത്തിനു പരിചയപ്പെടുത്തിയ ഡേവിഡ് ബോളണ്ട് നെ ക്കുറിച്ചാണ്  പറഞ്ഞു  വരുന്നത്.

1919ല്‍ കെയ്‌റോയില്‍ ആണ്  ഡേവിഡ് ബോളണ്ട് ജനിച്ചത്‌ . ഹ്രസ്വ ചിത്രങ്ങളും ഡോകുമെന്ററികളും നിര്‍മിക്കുന്നതില്‍  ചെറുപ്പത്തിലേ തല്പരന്‍ ആയിരുന്ന ഡേവിഡ്‌ ,  ജോര്‍ജു ആറാമന്റെ  കിരീട ധാരണ ചടങ്ങും മറ്റും ചിത്രീകരിച്ചിട്ടുണ്ട് .
രണ്ടാം ലോകമഹായുദ്ധത്തില്‍ സൈനിക ഓഫീസര്‍ ആയി പങ്കെടുത്ത അദ്ദേഹം യുദ്ധത്തിനു ശേഷം പിയെഴ്‌സ് ലെസ്‌ലി &കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. പിയെഴ്‌സ് ലെസ്‌ലി കമ്പനിയുടെ ചുമതലയുമായാണ് 1946ല്‍ അദ്ദേഹം ഇന്ത്യയിലെത്തുന്നത്. . 1948 ല്‍ കേരളത്തില്‍  വന്നുവെങ്കിലും  1954ല്‍ ആണ് ആദ്യമായി  കഥകളി കാണാനിടയായത് . പ്രശസ്തനായ ഗുരു കുഞ്ചു ക്കുറുപ്പിന്റെയും സംഘത്തിന്റെയും കളി "ഗംഭീരം " ആയിരുന്നുവെങ്കിലും, വേദിയില്‍ നടക്കുന്നത് എന്താണെന്നറിയാതെ ഡേവിഡിന്  ബോറടിക്കാന്‍ തുടങ്ങി. എങ്കിലും അരങ്ങത്തെ വര്‍ണ വിസ്മയം തന്നെ നന്നായി  ആകര്‍ഷിച്ചുവെന്നും കളി തന്റെ വീഡിയോ ശേഖരത്തിന് മുതല്ക്കൂട്ടാവുമെന്നു  നിശ്ചയിച്ചുകൊണ്ടു  അന്ന് തന്നെ കുറെ ക്ലിപ്പിങ്ങുകള്‍ പകര്ത്തിയെന്നും ഡേവിഡ്‌  തന്റെ പേര്‍സണല്‍ വെബ്‌ സൈറ്റില്‍ പറയുന്നു.  കഥകളിയെ ക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള കെ പി എസ്‌ മേനോനെ കണ്ടു മുട്ടിയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായത്‌ എന്ന് ഡേവിഡ്‌ തന്നെ അനുസ്മരിക്കുന്നു. കൂടുതല്‍ കളികള്‍ കാണാന്‍ നിര്‍ബന്ധിച്ചതും കളിയുടെ അരങ്ങിലും അണിയറയിലും നടക്കുന്ന വിശേഷങ്ങള്‍ പറഞ്ഞു കൊടുത്തതും മേനോന്‍ ആണ്. കഥകളി വേഷം, ചുട്ടികുത്തല്‍, മുദ്രകള്‍ , പരികല്‍പ്പനകള്‍, കഥകളി സംഗീതം  തുടങ്ങി കഥകളിയുടെ സമസ്ത മേഖലകളും തന്നെ വിസ്മയിപ്പിച്ചു എന്ന് ഡേവിഡ് തന്നെ അനുസ്മരിക്കുന്നു

1957 ല്‍ തന്റെ പല ഇന്ത്യന്‍ സുഹൃത്തുക്കളും കഥകളി കണ്ടിട്ടില്ല എന്ന് അറിഞ്ഞ ഡേവിഡ് അവര്‍ക്ക് വേണ്ടി കോഴിക്കോടുള്ള തന്റെ വീട്ടില്‍ ഒരു കഥകളി അരങ്ങ് ഒരുക്കി. പിന്നീട്  ബ്രിട്ടീഷ്‌ ഹൈ കമ്മിഷണറുടെ   സന്ദര്‍ശനവുമായി ബന്ധപ്പെട്ടു വീണ്ടും ഒരു അരങ്ങ് കൂടി. കളി നടക്കുന്നത് തന്റെ വീട്ടില്‍ ആയിരുന്നതിനാല്‍ അരങ്ങിലും അണിയറയിലും ഉള്ള വിശേഷങ്ങള്‍ ഒക്കെ വിശദമായി ചിത്രീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കലാമണ്ഡലം രാമന്‍കുട്ടിയാശാന്‍ , ഗോപിയാശാന്‍ , കുമാരന്‍ നായര്‍, പദ്മനാഭന്‍ നായര്‍ തുടങ്ങിയ നടന്‍മാരും, അച്ചുണ്ണിപ്പൊതുവാള്‍ ( ചെണ്ട )  ,അപ്പുക്കുട്ടി പൊതുവാള്‍ ( മദ്ദളം )   തുടങ്ങിയ  മേളക്കാരും ആ  കഥകളി അരങ്ങില്‍ ഉണ്ടായിരുന്നു. ആ  രണ്ട്  ദിവസങ്ങളില്‍ ചിത്രീകരിച്ചതാണ്‌  പ്രശസ്തമായ "കഥകളി"  എന്ന് പേരിട്ട ഡോകുമെന്ററി.

 1974 ല്‍ ചിത്രീകരിച്ച  മാസ്‌ക് ഓഫ് മലബാര്‍, 1983 ല്‍ ചിത്രീകരിച്ച മേളപ്പദം; ബാലി വധം, ദക്ഷ യാഗം, കല്യാണ സൌഗന്ധികം, ലവണാസുര വധം , നരകാസുര വധം, തോരണായുദ്ധം തുടങ്ങിയ ആറു കളികള്‍ , 1985 ല്‍ ചിത്രീകരിച്ച ചൊല്ലിയാട്ടം , പുറപ്പാട് (1987 ) , ചുട്ടി ( 1989 ) തുടങ്ങി നിരവധി   ഡോകുമെന്ററികളിലൂടെ  കഥകളിയുടെ അരങ്ങിലും അണിയറയിലും ഉള്ള എല്ലാ കാര്യങ്ങളെയും തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്  ഈ മനുഷ്യന്‍. കലാമണ്ഡലം പദ്മനാഭന്‍ നായരുടെ കളിയരങ്ങ് ഒപ്പിയെടുത്തിട്ടുള്ള "ചൊല്ലിയാട്ടം" എന്ന ഡോകുമെന്ററി പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു എന്ന് ശ്രീ കെ കെ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു . 1974 ല്‍ ചിത്രീകരിച്ച  മാസ്‌ക് ഓഫ് മലബാരിന്റ എഡിറ്റ്‌ ചെയ്തു സമയ ദൈര്‍ഘ്യം  കുറച്ച രൂപം - മലബാര്‍ മാസ്‌ക്' അന്താരാഷ്ട്ര അമച്വര്‍ ഫിലിം ഫെസ്റ്റിവലില്‍ 26 അവാര്‍ഡുകള്‍ നേടി. 1980ല്‍ പുറത്തിറക്കിയ 'എ ഗൈഡ് ടു കഥകളി' എന്ന അദ്ദേഹത്തിന്റെ പുസ്തകം കഥകളിയെക്കുറിച്ചുള്ള ആധികാരികമായ ഒരു റഫറന്‍സ് ഗ്രന്ഥമാണ്.

ഇന്ത്യന്‍ ജീവിതരീതിയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും കൂടിയാട്ടം, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, തെയ്യം, കളമെഴുത്ത്, തുടങ്ങിയ മറ്റു കലാ രൂപങ്ങളെക്കുറിച്ചും  അദ്ദേഹം
നെല്ലിയോട് നമ്പൂതിരി , കലാമണ്ഡലം ഗോപി എന്നിവര്‍ക്കൊപ്പം
ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചു. കലാമണ്ഡലത്തിലെ മികച്ച ബിരുദവിദ്യാര്‍ത്ഥിക്കായി 1973ല്‍ അദ്ദേഹം സ്വര്‍ണമെഡല്‍ ഏര്‍പ്പെടുത്തി.ലണ്ടനിലെത്തുന്ന കഥകളിക്കാര്‍ക്കെല്ലാം ബോളന്‍ഡിന്റെ 'മലബാര്‍' സ്വന്തം വീടാണ്. മലബാര്‍ എന്ന് വീടിന് പേരിട്ടത് കേരളത്തോടുള്ള അടുപ്പംകൊണ്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തന്റെ വീടായ " മലബാറില്‍ " പ്രദര്‍ശിപ്പിച്ചിരുന്ന കഥകളി ചമയങ്ങളുടെ ശേഖരം ഇപ്പോള്‍ ബ്രിസ്ടോളിലെ ബ്രിട്ടീഷ്‌ മ്യൂസിയത്തിന്റെ ഭാഗമാണ്. 

ഇക്കഴിഞ്ഞ മെയ്‌ ഇരുപത്തി ഏഴിന്  അദ്ദേഹം അന്തരിച്ചു.  

തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ ഇംഗ്ലണ്ടിലെ  തന്റെ ഏകാന്ത വാസത്തെ ക്കുറിച്ച്  ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു വത്രേ : " ഞാന്‍ തനിച്ചാണ് എന്നുള്ള തോന്നല്‍ എനിക്കില്ല , ഒട്ടു ബോറടിക്കുന്നുമില്ല , ബോറടി തോന്നിയാല്‍ ഉടനെ ഞാന്‍ രാമന്‍കുട്ടി ആശാന്റെയോ , പദ്മനാഭന്‍ ആശാന്റെയോ ഒരു കഥകളി ടേപ്പ് കാണാന്‍ തുടങ്ങും ..