Monday, March 30, 2015

വിയോജിപ്പുകളെ ആർക്കാണ് പേടി ?


ഇന്ത്യയിലേത്‌ ഒരു 50:50 ജനാധിപത്യ സംവിധാനമാണ് എന്ന്‍ പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ഈയിടെ എഴുതിയ ഒരു ലേഖനത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. സുതാര്യമായ തെരഞ്ഞെടുപ്പ് സമ്പ്രദായം ,സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ ജനാധിപത്യം സ്തുത്യര്‍ഹമായ നിലയിലാണെന്നും എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിലും മറ്റും നമ്മള്‍ വളരെയേറെ പിന്നില്‍ നില്‍ക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. വിയോജിപ്പിന്റെ സ്വരം അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിനുള്ള കഴിവ് നാള്‍ക്ക് നാള്‍ കുറഞ്ഞുവരികയാണെന്നാണ് പെരുമാള്‍ മുരുഗനും India's Daughter ഉം മത പരിവർത്തന കോലാഹലങ്ങളും മറ്റും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം , ഭക്ഷണ സ്വാതന്ത്ര്യം , മത സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഗവണ്‍മെന്റ് തന്നെ അത് കവര്‍ന്നെടുക്കാന്‍ കൂട്ടുനിൽക്കുന്നത് പ്രതിഷേധാര്‍ഹമാണ്. രാജ്യാന്തര സംഘടനകളായ ഗ്രീന്‍പീസ് , ആനെസ്റ്റി ഇന്റർ നാഷണൽ എന്നിവയടക്കമുള്ള സര്‍ക്കാറിതര സംഘടന (NGO) കൾക്ക് എതിരെ കേന്ദ്ര സർക്കാർ പ്രതികാര നടപടികൾ സ്വീകരിക്കുന്നത് ഈ സംഭവങ്ങളുടെതുടർച്ചതന്നെയാണോ എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു.

ചില സര്‍ക്കാറിതര സംഘടനകളും അവര്‍ക്ക് വിദേശ സംഭാവന നല്‍കുന്നവരും ചേര്‍ന്ന് രാജ്യത്തെ പുതിയ വികസന പദ്ധതികള്‍ക്കെതിരെ സമരം നടത്താന്‍ ലക്ഷ്യമിടുന്നുണ്ടെന്ന്‍ കഴിഞ്ഞ വര്ഷം ജൂണില്‍ ഇന്‍റെലിജെന്‍സ്‌ ബ്യൂറോ കേന്ദ്ര ഗവണ്‍മെന്‍റ്നു റിപ്പോര്‍ട്ട് നല്‍കി. വിദേശസംഭാവന നിയന്ത്രണനിയമ (എഫ്.സി.ആര്‍.എ.) പ്രകാരമുള്ള ഗ്രീന്‍പീസിന്റെ രജിസ്‌ട്രേഷന്‍ റദ്ദുചെയ്യണമെന്നും സംഘടനയ്ക്ക് വരുന്ന സംഭാവനകള്‍ അതീവ ഗൗരവത്തോടെ കാണണമെന്നും നികുതി രേഖകള്‍ പരിശോധിക്കണമെന്നും ബ്യൂറോ മുന്നറിയിപ്പ് നല്‍കി.ഗ്രീന്‍പീസിനുള്ള വിദേശഫണ്ട് കൈമാറാന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കേന്ദ്രം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. ഗ്രീന്‍ പീസിന്റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു.ഫണ്ട് മരവിപ്പിച്ചതിനെതിരെ ഗ്രീന്‍പീസ് നടത്തിയ നിയമപ്പോരാട്ടങ്ങള്‍ വിജയം കണ്ടത്‌ ഈ വര്‍ഷം ജനുവരിയില്‍ ആണ്. ഗ്രീന്‍പീസ് ഇന്ത്യയുടെ പിടിച്ചുവെച്ച 1.87 കോടി രുപയുടെ വിദേശ ഫണ്ട് വിട്ടുകൊടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ സര്‍ക്കാറേതര സംഘടനകള്‍ക്കും(എന്‍.ജി.ഒ) തങ്ങളുടേതായ കാഴ്ചപ്പാടുകളുണ്ടാകുമെന്നും അവ സര്‍ക്കാറിന്‍െറ കാഴ്ചപ്പാടുമായി ഒത്തുപോകാത്തത് കൊണ്ട് മാത്രം അവയെ ദേശ വിരുദ്ധമാണെന്ന് കരുതുന്നത് ശരിയല്ലെന്നും നിലപാടുകളുടെ വൈവിധ്യത്തിലൂടെയാണ് ഇന്ത്യന്‍ജനാധിപത്യം ശക്തിപ്പെട്ടതെന്നും വിധിപ്രസ്താവിച്ച് കൊണ്ട് ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഗ്രീന്‍ പീസിനെ വേട്ടയാടുന്നത് നിര്‍ത്താന്‍ കേന്ദ്രം ഒരുക്കമല്ലായിരുന്നു.ബ്രിട്ടന്‍ ആസ്ഥാനമായ കോര്‍പറേറ്റ് കമ്പനി എസ്സാര്‍ കല്‍ക്കരി ഖനനം നടത്തി മധ്യപ്രദേശിലെ മഹാന്‍ ഗ്രാമത്തില്‍ നടത്തുന്ന മനുഷ്യാവകാശ- പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ബ്രിട്ടീഷ് പാര്‍ലമെന്‍ററി സമിതിക്ക് മുമ്പാകെ അവതരിപ്പിക്കാനായി പോകുന്നതിനിടെ ഇക്കഴിഞ്ഞ ജനുവരി 11 ന് ഗ്രീന്‍ പീസ് സീനിയര്‍ കാമ്പയിനര്‍ പ്രിയ പിള്ളയെ ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ച് തടഞ്ഞു. യാത്രയ്ക്കാവശ്യമായ രേഖകള്‍ കൈവശമുണ്ടായിട്ടും തന്റെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിന് 48 മണിക്കൂറിനകം കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും വിദേശകാര്യമന്ത്രാലയത്തിനും പ്രിയ പരാതി നല്‍കി. മറുപടി ലഭിക്കാത്തതിനാല്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ പ്രിയയ്ക്ക് വിദേശ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിക്കുന്ന സത്യവാങ്മൂലമാണ് കേന്ദ്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ദേശീയ താത്പര്യം
പ്രിയ പിള്ള
  മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നടപടി കൈക്കൊണ്ടതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മതസ്വാതന്ത്ര്യം, മനുഷ്യക്കടത്ത്, ദലിത് അവകാശങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ആക്ടിവിസ്റ്റുകള്‍ വിദേശങ്ങളി‍ല്‍ ഉന്നയിക്കുന്നത്. ഇത് ഇന്ത്യയുടെ പ്രതിച്ഛായക്ക്‌ മങ്ങലേല്‍പ്പിക്കും. വിദേശ വ്യക്തിത്വങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയെ മോശമായി അവതരിപ്പിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്ക് മേല്‍ നിരീക്ഷണം തുടരും. എന്നാല്‍ ദേശീയതയും ദേശവിരുദ്ധതയും വേര്‍തിരിക്കുന്ന രേഖ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നായിരുന്നു കോടതി അറിയിച്ചത്.കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതികരിക്കില്ലെന്ന് എഴുതി നല്‍കാമെങ്കില്‍ വിദേശ യാത്ര അനുവദിക്കാമെന്ന് കേന്ദ്രം പ്രിയാപിള്ളയെ അറിയിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ വാഗ്ദാനം അംഗീകരിക്കാന്‍ അവര്‍ക്ക് സമ്മതമായിരുന്നില്ല.
സര്ക്കാരിന്റെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാരുകള്‍ തന്നെ സര്‍ക്കാറിതര സംഘടനകളെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തില്‍ തന്നെ ഗ്രീന്‍പീസ് പോലെയുള്ള സംഘടനകള്‍ കണ്ണിലെ കരടായി മാറുന്നത് എന്തുകൊണ്ടാണ്. അത് മനസ്സിലാക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലെ ഈ വാചകം നമ്മളെ സഹായിച്ചേക്കും.-ഇന്ത്യയിലെ ആണവ നിലയങ്ങള്‍ക്കും കല്‍ക്കരി ഖനനത്തിനുമെതിരെ 'അനധികൃതമായി' സമരങ്ങള്‍ സംഘടിപ്പിക്കുന്ന ഗ്രീന്‍പീസ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ 2-3% ത്തിന്റെ കുറവ് വരുത്തി... സമരങ്ങള്‍ ആണ് പ്രശ്നം. 
മഹാരാഷ്ട്രയിലെ ജയ്താപുരില്‍ ആണവ നിലയം നിര്‍മിക്കുന്നതിനെതിരെ കര്‍ഷകരും ഗ്രാമവാസികളും നടത്തുന്ന സമരത്തിന് ഗ്രീന്‍പീസ് പരസ്യമായി പിന്തുണച്ചിരുന്നു. ഭൂകമ്പസാധ്യതയുള്ള മേഖലയില്‍ ആണവ നിലയം സ്ഥാപിക്കാന്‍ തിരഞ്ഞെടുത്തത് , അഞ്ച് ഗ്രാമങ്ങളിലായുള്ള 968 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങള്‍ ,പരീക്ഷിച്ചിട്ടില്ലാത്ത EPR (European pressurised reactor) സാങ്കേതികവിദ്യയെക്കുറിച്ചുള്ള ആശങ്കകള്‍ ഇവയൊന്നും ചെവിക്കൊള്ളാന്‍ ഭരണകൂടം തയ്യാറായില്ല. ജയ്താപുര്‍ ആണവപദ്ധതിക്കെതിരെയുള്ള പോരാട്ടം ഇപ്പോഴും തുടരുന്നു.

മധ്യപ്രദേശിലെ മഹാന്‍ ഗ്രാമത്തില്‍ എസ്സാര്‍ നടത്തുന്ന മനുഷ്യാവകാശ- പരിസ്ഥിതി ചൂഷണങ്ങള്‍ക്കെതിരെ മഹാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന സമരത്തിന്റെ മുന്‍പന്തിയിലും ഗ്രീന്‍പീസ് ഉണ്ട്. മഹാന്‍ വനമേഖലയില്‍ ഉള്ള 7 കല്‍ക്കരി ഖനികളിലുമായി 14 വര്‍ഷം കൊണ്ട് ഖനനം ചെയ്‌തെടുക്കാനുള്ള കല്‍ക്കരിയേയുള്ളൂ. എന്നാല്‍ ഇതിന് വേണ്ടി അഞ്ചുലക്ഷം മരങ്ങള്‍ വെട്ടിനശിപ്പിക്കണം 54 ഗ്രാമങ്ങളില്‍ ഉപജീവനം പോലും നഷ്ടപ്പെട്ട് അന്‍പതിനായിരം പേര്‍ കുടിയൊഴിപ്പിക്കപ്പെടും . ഇതിനെതിരെ ഗ്രീന്‍പീസിന്റെ നേതൃത്വത്തില്‍ മഹാന്‍ വനമേഖലയിലെ ആദിവാസികള്‍ വർഷങ്ങളായി നടത്തി വന്ന സമരം വിജയം കണ്ടു. മഹാനില്‍ ഖനനത്തിന് നല്‍കിയ പാരിസ്ഥിതിക അനുമതി നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ (NGT) റദ്ദ്‌ ചെയ്തു. പൂനര്‍ ലേലം നടത്തുന്ന കല്‍ക്കരിപ്പാടങ്ങളുടെ പട്ടികയിൽ നിന്ന് മധ്യപ്രദേശിലെ സിൻഗ്രൗലി (Singrauli) ജില്ലയിലെ മഹാൻ കോൾ ബ്ലോക്കിനെ ( Mahan coal block) കേന്ദ്ര കൽക്കരി മന്ത്രാലയം ഒഴിവാക്കി.

സമരങ്ങളിൽ പങ്കെടുക്കുന്ന വ്യക്തികളെയും സംഘടനകളെയും കുറിച്ച് സമരവുമായി നേരിട്ട് ബന്ധമില്ലാത്ത വിഷയങ്ങളിൽ (സാമ്പത്തിക ക്രമക്കേടുകൾ, വ്യക്തി ഹത്യ, സ്വകാര്യ ജീവിത പ്രശ്നങ്ങൾ )ആരോപണം ഉന്നയിക്കുന്നതിനും വേട്ടയാടുന്നതിനും ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങൾ കാണാം. എന്നാൽ ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനാധിപത്യ സർക്കാരുകൾ തന്നെ ജനകീയ സമരങ്ങൾക്കെതിരെ അത്തരം നടപടികൾ സ്വീകരിക്കുന്നത് ദൌർഭാഗ്യകരം തന്നെ.സമരം ശക്തി പ്രാപിച്ച സമയത്ത് തന്നെ വിദേശസംഭാവനയുമായി ബന്ധപ്പെട്ട് കൂടംകുളം ആണവനിലയവിരുദ്ധ സമരനായകന്‍ ഉദയകുമാറിനെതിരെ ഇന്‍റെലിജെന്‍സ്‌ ബ്യൂറോ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഗുജറാത്ത് കലാപം അടിച്ചമർ ത്തുന്നതിൽ ഏറെക്കുറെ നിഷ്ക്രിയമായിരുന്ന ഗുജറാത്ത് സർക്കാർ തന്നെ കലാപത്തിലെ ഇരകള്‍ക്കുള്ള ഫണ്ട് ദുര്‍വിനിയോഗം ചെയ്തെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും അറസ്റ്റ്‌ ചെയ്ത് പീഡിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും ഓർക്കാവുന്നതാണ്.(വന്‍പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അതിഗുരുതരമായ ആരോപണങ്ങളുടെ പിന്‍ബലമില്ലാതെ ഒരാളുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് അനുവദിക്കാനാവില്ലെന്നും സ്വാതന്ത്ര്യം പരമപ്രധാനമാണെന്നും അതിനെ ഐ.സി.യുവിലും വെന്‍റിലേറ്ററിലുമാക്കാന്‍ അനുവദിക്കില്ലെന്നും പ്രസ്താവിച്ച സുപ്രീംകോടതി ടീസ്റ്റക്ക് ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച കേസിൽ ഗുജറാത്ത് സർക്കാരിനെ നിശിതമായി വിമർശിച്ചു ) ആനെസ്റ്റി ഇന്റർ നാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്നീ സംഘടനകളും സര്ക്കാരിന്റെ നിരീക്ഷണത്തിലാണ്.

സര്‍ക്കാരിതര സംഘടനകളുടെ ധന ശേഖരണമോ വിനിയോഗമോ സര്‍ക്കാര്‍ നിരീക്ഷിക്കരുത് എന്നല്ല പറഞ്ഞു വരുന്നത്. എല്ലാ സംഘടനകളും അവരുടെ നയപരിപാടികളിലും ധന വിനിയോഗത്തിലും സുതാര്യത നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ വിദേശ വ്യക്തിത്വങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയെ മോശമായി അവതരിപ്പിക്കുന്ന സര്‍ക്കാരിതര സംഘടനകളെ നിരീക്ഷിക്കും/നിയന്ത്രിക്കും എന്ന്പറയുന്നതിന്‍റെ അടിസ്ഥാനം എന്താണ്? ഇന്ത്യ സാമ്പത്തിക വളർച്ചയുടെ പാതയിൽ ആണെന്നും 2016ൽ ചൈനയെ പിന്നിലാക്കുമെന്നും ഉള്ള പ്രവചനങ്ങൾ നാമിപ്പോൾ ആഘോഷിച്ചുകൊണ്ടിരിക്കുകയാണല്ലോ. വികസനത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന, നിക്ഷേപ സൌഹൃദ രാജ്യമായി 'തിളങ്ങുന്ന' ഇന്ത്യയെക്കുറിച്ച് മോശം പ്രതിഛായ സൃഷ്ടിക്കാൻ NGOകളെ അനുവദിക്കില്ല എന്നാണ് സർക്കാർ ഭാഷ്യം. വന്‍കിട പദ്ധതികളുടെ പേരില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന പാരിസ്ഥിതിക മനുഷ്യാവകാശ ലംഘനങ്ങളെ വെളിച്ചത്ത് കൊണ്ട് വരുന്നതിനെ ഭയന്നിട്ട് കാര്യമുണ്ടോ.? രാജ്യത്തിൻറെ വികസനം എന്ന് പറഞ്ഞാൽ ജി ഡി പി വർധനയുടെ മാത്രം കാര്യമല്ല., മറിച്ച് ജനതയുടെ സർവതോന്മുഖമായ വളർച്ചയാണ് എന്ന കാര്യം വിസ്മരിക്കരുത്. 'വികസന' ത്തിനുവേണ്ടി കുടിയൊഴിക്കപ്പെടുന്നവരുടെ രോദനങ്ങൾക്ക് നേരെ എത്ര കാലം ചെവി കൊട്ടിയടക്കാൻ കഴിയും...?

കൊട്ടിഘോഷിക്കപ്പെടുന്ന നുണകൾ കൊണ്ട് സത്യത്തെ ഏറെ നാൾ മൂടി വെയ്ക്കാൻ കഴിയില്ല എന്നത് ശരി തന്നെ ; പക്ഷേ,വരും കാലത്ത് , സത്യം പുറത്ത് കൊണ്ടുവരാൻ തന്നെ വലിയ പോരാട്ടങ്ങൾ ആവശ്യമായിക്കൊണ്ടിരിക്കുന്നു എന്ന് തോന്നുന്നു..



അധിക വായനയ്ക്ക് :
 
  1. http://indianexpress.com/article/business/business-others/ib-to-govt-cancel-greenpeace-indias-fcra-registration/
  2. http://www.thehindu.com/news/national/release-frozen-foreign-funds-says-delhi-high-court/article6805892.ece
  3. http://indianexpress.com/article/india/india-others/days-before-pillai-row-environment-told-coal-stop-mahan-block-auction/
  4. http://www.greenpeace.org/india/en/news/Feature-Stories/NGT-declares-Forest-Clearance-for-Mahan-Coal-Block-Invalid/
  5. http://www.thehindu.com/news/national/dont-auction-mahan-coal-block-moef/article6929933.ece
  6. http://www.greenpeace.org/india/en/Press/Coal-Ministry-confirms-Mahan-block-will-not-be-auctioned/